Thursday, 24 December 2009

പാതി


ചില പാട്ടുകള്‍
ആകാശവാണിക്കാര്
പാതിയില്‍ വെച്ച്
കൊരണയ്ക്കു പിടിച്ചു കൊന്നുകളയും.
അനുപല്ലവിയിലേക്ക്
ഓങ്ങിയ ഒരു ഹമ്മിങ്ങില്‍
യേശുദാസ് വെള്ളം കുടിക്കാന്‍ പോകും.

സന്ധ്യയായി
ഇനി അടുത്ത തവണ ആവട്ടെ
എന്ന് തെങ്ങുകയറ്റക്കാരന്‍
പാതിയില്‍ നിന്ന് താഴോട്ടിറങ്ങും.

ഒരാള്‍ക്ക് മാത്രം പാകമായ തടിപ്പാലം
നടുവില്‍ വെച്ച് തിരിച്ചു നടത്തും.
കറ്റയുമായി എതിരെ വന്ന പെണ്ണുങ്ങള്‍
പോയിക്കഴിയും വരെ.

മുറിച്ചു കടക്കില്ല,
ഒരു സീബ്രാവരയും.
തിരിഞ്ഞു നടക്കും
ഒടുവിലത്തെ വണ്ടിയും കടന്നു പോകാന്‍.

പാതിയില്‍ വെച്ച്
പുറകോട്ടു നടത്തുന്ന
ആരോ ഒരാള്‍ കൂടെയുള്ളതിനാല്‍
ഒരാളെയും പ്രേമിച്ചില്ല.
ഒരാളെയും അത്ര ആദരവോടെ
പിന്തുടര്‍ന്നില്ല.

ഇതാ കണ്ടില്ലേ,
ഒരിടത്തും എത്താത്ത ഈ കവിതയും!

Tuesday, 27 October 2009

പരകായം


ഒരു കുര
തൊണ്ടയില്‍ കുരുങ്ങി.
മോങ്ങിയില്ല.
ഏത് ഇരുട്ടിലും
അതെന്നെ
ശ്വാനനാക്കി.

എലി ചത്ത നിശബ്ദതയില്‍
പാല്‍പ്പാത്രം ഉടയാതെ
കണ്ടന്‍ പൂച്ചയായി.

പക്ഷിക്കണ്ണില്
കോഴിക്കുഞ്ഞുങ്ങളെ
റാഞ്ചാമെന്നായി.

ചൂണ്ടയില്‍ കുരുങ്ങാത്ത വരാല്‍.
അറവുകാരുടെ കണക്കില്‍
പെടാതെപോയ പോത്ത്.
ബീജദായകനായ കാള.

ഉടല്‍
ഒരു വസ്ത്രമാണ്.
ഇറുക്കമോ അയവോ
തോന്നാത്ത
അത്രയും കൃത്യമായ ഉടുപ്പ്.

ദാ
വീണ്ടും ഒരു കുര
തികട്ടി വരുന്നു.
ബ ഭ ബ്ബാ ബൌവ് ബൌ....

Sunday, 16 August 2009

കവിശിക്ഷ


ഗുരു ചോദിച്ചു.
ഇപ്പോള്‍ എന്താണ് കാണുന്നത്?
ഞാന്‍ പറഞ്ഞു
പക്ഷിയുടെ കഴുത്തു ഒഴികെ
എല്ലാം.

Friday, 7 August 2009

അതിഥികള്‍ വിസര്‍ജിക്കുമ്പോള്‍


രണ്ടു ദിവസങ്ങളിലായി
രണ്ടു കൂട്ടുകാര്‍ വന്നു.
ഒരുവന്‍ പട്ടുപോയ പ്രണയത്തിന്
ഒപ്പീസ് പാടി
രണ്ടാമന്‍ മതപ്രഭാഷണം നടത്തി .
ഒന്നാമന് ലഹരിപാനീയം കൊടുത്തു.
രണ്ടാമന് നാരങ്ങാനീരും.

ഹേ സുഹൃത്തുക്കളേ
ജീവിതത്തെ കുറിച്ചു
ഇത്രമാത്രം
ആത്മപ്പെടാന്‍ എന്തുണ്ടായി?
എന്ന ചോദ്യം
തൊണ്ടയില്‍ കുരുങ്ങി
ഞാനിരുന്നു.

രണ്ടുപേരും ലാട്രിനില്
വളരെ നേരം ഇരുന്നു
ശങ്ക തീര്‍ത്തു.

അതിഥികള്‍ വിസര്‍ജിക്കുമ്പോള്‍
മൂക്ക് പൊത്താമോ?

Wednesday, 5 August 2009

ഉടലുകള്‍ക്കുള്ളില്‍ സുരക്ഷിതര്‍ എത്ര?


ശരീരത്തെ വരയ്ക്കുക
അത്ര ലളിതമല്ല
ഉടലിന്‍റെ അതിര്‍ത്തികള്‍
ഒരു രേഖയിലും ഒതുങ്ങില്ല.

കാക്കയുടെതോ
കുരുവിയുടെതോ
ചലനത്താല്‍ വരയ്ക്കാം
പറന്നു പോകാതെ.

കുതിരയുടെത്
കുതിപ്പില്‍
ആമയുടേത്
ഏറ്റവും അടക്കത്തില്‍.

പാമ്പുകളെ
ഇഴച്ചിലില്‍
കുഴമറിയാതെ.

മനുഷ്യനെ വരയ്ക്കുമ്പോള്‍
വര വഴങ്ങുകയേ ഇല്ല.
ഒരതിര്‍ത്തിയിലും
കൈകള്‍ക്ക്
അതിന്‍റെ കരുത്തോ
കരുത്തില്ലായ്മയോ
കൊടുക്കാനാവില്ല.

കഴുത്തറ്റത്തു നിന്നും
തല
തെറിച്ചു പോകാതെ
വരച്ചു വെയ്ക്കുക
ശ്രമകരം.

കണ്ണ് മൂക്ക് ചെവി ചുണ്ട്
ഒരു ഇന്ദ്രിയത്തിലും
അതാതിന്‍റെ കര്‍മങ്ങള്‍
അടങ്ങി നില്‍ക്കില്ല.
നെഞ്ചിനെ
അരക്കെട്ടിനെ
ഒരു കട്ടി രേഖയിലും
തളച്ചിടുക അസാധ്യം.

വെള്ളപ്രതലം
എടുക്കുക.
അതിലുണ്ട്
പലതായ് പെരുകിയ
ഒരുടലിന്‍റെ ചിത്രം.

Monday, 3 August 2009

അപകടകരമായ ഉപമകള്‍
മൂവായിരം മെഗാ വാള്‍ട്ട്
കെ എസ്സ് ഇ ബി ലൈനിന്‍റെ
അടിയില്‍ ആണ് എന്‍റെ പുര.
മുറ്റത്തു ഇറങ്ങാറില്ല.
മേലോട്ട് നോക്കുമ്പോള്‍
പൊട്ടി വീഴുന്ന
വൈദ്യുതാഘാതത്തിന്റെ
ആനിമേഷന്‍.

ഇരുപത്തിയാറു നിലയുള്ള
പണിശാലയിലെത്താന്
ഉയര്‍ത്തു പേടകത്തില്‍ നില്‍ക്കവേ
ഞെട്ടറ്റു വീഴുന്ന പൂവിന്‍റെ ഉപമ.

മരങ്ങ്ളുടെ അറവുശാലയില്‍
ഇറച്ചിക്കടയില്‍
തീന്മേശയില്‍
മുറിവുകളുടെ ഉപമകള്‍
വാള്‍ത്തലപ്പിന്റെ ഈണം.

പാലം കടക്കുന്ന തീവണ്ടിയില്‍.
ജലവാഹനത്തില്‍
സംഭ്രമത്തിന്റെ
വഴുക്കുന്ന ഉപമകള്‍

ഉണ്ടും ഉടുത്തും
ഒരുക്കപ്പെട്ടു നിര്‍ത്തുന്ന ഉടലുകള്‍
എന്ന്
റോഡു മുറിച്ചു കടക്കവേ
കിട്ടിയ ഉപമ
എതിരെ വന്ന വണ്ടിക്കടിയില്‍
ചതഞ്ഞു
അരഞ്ഞു
അങ്ങനെ.

അവയവങ്ങളുടെ വീട്


ഉടലോടെ
നടക്കുക
എത്ര പ്രയാസം.

കണ്ണിനെ ചെവിയെ
മൂക്കിനെ ത്വക്കിനെ
ലിംഗത്തെ
അതാതിന്റെ കര്‍മ്മങ്ങളില്‍ വിട്ടു
ഒറ്റയ്ക്കൊരാളായി
നടക്കുക
എത്ര ക്ലേശം

ഉറങ്ങുമ്പോള്‍
അവയോരോന്നും
അതാതിന്റെ
പാര്‍പ്പിടങ്ങളിലേക്ക് പോകും.
പരസ്പരം
ഒരു സ്നേഹവായ്പ്പോ
നാളെ കാണാം
എന്ന പ്രതീക്ഷ പോലുമോ
നല്‍കാതെ.

ഇത്ര സഹകരണമില്ലത്തവയെ
ഒന്നിച്ചു നിര്‍ത്തി നയിക്കുക
എന്നെപ്പോലെ
കയ്യൂക്കോ കാര്യശേഷിയോ
ഇല്ലാത്ത
ഒരാള്‍ക്ക്‌ ആവതാണോ?

ഇനി വയ്യ.
ഉണരട്ടെ.
എന്നിട്ട് നോക്കാം.
സ്വന്തം നിലയ്ക്ക്
ജീവിക്കാന്‍ പഠിക്കാന്‍
അവയും ശീലിക്കട്ടെ.

Friday, 31 July 2009

ആയതിനാല്‍


വാക്കിനാല്‍ ജീവിക്കുക
എളുപ്പമല്ല
വികാരത്തിനാല്‍ തീരെയും.

എത്രവട്ടം ഉരുവിട്ടലും
സ്നേഹം സ്നേഹമാവില്ല
ഇണ എന്നും ഇണ മാത്രമാവില്ല.

നീ
ഞാന്‍
എന്നതൊക്കെ
ഭാഷയിലെ ഏക വചനങ്ങള്‍ മാത്രമാണ്.
അതിന്
അതില്‍ കൂടുതല്‍
അര്‍ഥങ്ങള്‍ ഒന്നുമില്ല.

കവിതയാല്‍ ജീവിക്കനോക്കുമോ?
അത് കയ്പ്പ് കറന്നു തരും
ചെറി എന്ന് കാട്ടി
കാഞ്ഞിരം തരും
ഒന്നിലുമാല്ലാതെ ജീവിക്കുകയും
ആവതില്ല.
അപ്പോള്‍ ഒന്നുമില്ലായ്മയുടെ
കൈകള്‍ വന്നു
കഴുത്തു ഞെരിക്കും.

മറുക്


അടയാളങ്ങള്‍ പറഞ്ഞു
ആര്ക്കും കണ്ടു പിടിക്കാനാവില്ല.
അതിപരിചയം കൊണ്ടു
അത്രമേല്‍ അടുക്കുകയുമില്ല

എല്ലാവരും കാണ്‍കെ
എന്നാല്‍ ആരും കാണാതെ
ഒരു മറുക് ഉണ്ട് എന്റെ മുഖത്ത്‌.

അതെ പ്രകാരത്തില്‍ അല്ലെങ്കിലും
മറ്റൊരു വിധത്തില്‍
മറുക്
ഒളിപ്പിക്കുന്നവരെ കണ്ടാല്‍
തിരിച്ചറിയും.

മുഖവുരയോ
ഹസ്തദാനമൊ വേണ്ടി വന്നെക്കില്ല
ആജന്മ മിത്രമെന്നപോല്‍
ഇരുട്ടിലും വെളിച്ചത്തിലും.

നോക്കൂ
വിമോചനത്തിനു വേണ്ടിയുള്ള
ഈ കുതിപ്പില്‍
കിതപ്പില്‍
അത് പ്രകടം.

Monday, 27 July 2009

വെരുക്

ഓര്‍മയില്‍ കാടുള്ള
ഒരു ജന്തുവിനെ ഓര്‍ക്കുന്നു.
കാട്ടുവള്ളികള്‍ വകഞ്ഞുമാറ്റി
കാലങ്ങള്‍ കവച്ചുവെച്ചു
അത് വരും.
ഋതുക്കള്‍ വരച്ച ജലച്ചായ ചിത്രങ്ങളില്‍
ഒരുപക്ഷെ
മൊട്ടിനുള്ളില്‍ നിന്നും
വിടരാന്‍ തുടങ്ങുന്ന
പൂവിന്റെ കുഞ്ഞു ഉറക്കത്തില്‍
അത് മുഖം ചേര്‍ക്കും.
ഇരുളില്‍ പല്ലുകള്‍ മുളച്ച
ശരീരവുമായി കുടിപാര്‍ക്കും.

സൈരന്ദ്രിയിലെക്കോ
ഗംഗയിലേക്കോ പോകുന്ന കൈവഴിയില്‍.g
ഘന ശ്യ്ത്യത്തിന്റെ കൊടുമുടിയില്‍.
നിലാവിന്റെ മഞ്ഞ പ്രിസത്തില്‍.

കാട് നിറയെ അതിന്റെ മണം പൂക്കുന്നു.
അതില്‍ അപ്പോള്‍ മാത്രം
വിടര്‍ന്ന പൂവിന്റെ പരാഗം.
ഉരിയാത്ത തോലുടുപ്പ് നിറയെ
അറുത്തു മാറ്റപ്പെട്ട ഇലഞ്ഞരമ്പിന്റെ ചുന.
ലവനശരീരത്തിന്റെ സുഷിരങ്ങളില്‍
വീണ്ടും വീണ്ടും സ്രവിക്കുന്നു
ഉടല്പ്പുന്നിന്റെ ചലം

ഒട്ടും അനുസരണയില്ലാത്ത ഒരു മൃഗത്തെ
നീ എന്തിനാണ് മെരുക്കിയെടുത്തത്?

അതിനെ
അതിന്റെ കാട്ടില്‍ ഉപേക്ഷിക്കുക.

Thursday, 14 May 2009

കോട്ടേമ്പ്രത്ത് നിന്നും ചങ്ങമ്പുഴയിലേക്കുള്ള ദൂരം

അന്നൊക്കെ
'കപട ലോകത്തില്‍ ആത്മാര്‍ഥമായ
ഒരു ഹൃദയം ഉണ്ടായതാണ് എന്‍ പരാജയം'
എന്ന വരികളായിരുന്നു
എന്നെ വഴി നടത്തിയിരുന്നത്.
എല്ലാ സ്നേഹനിരാസങ്ങളില്‍ നിന്നും
അതെന്നെ രക്ഷിച്ചു പോന്നു.

ചങ്ങമ്പുഴയില്‍ നിന്നാണ്
ചുള്ളിക്കാട്ടേക്കും
അയാപ്പനപ്പാപ്പനിലെക്കും
പോകുന്ന തുരന്ഗങ്ങള്‍ തുടങ്ങുന്നത്.
അവിടന്നു കിട്ടിയ ലഹരിപാനീയം കുടിച്ചു
ഉന്മത്തനായി നടന്നു കുറച്ചു കാലം
തിക്ത്ത പ്രണയവും വിഫല രേതസ്സുമെന്ന
ഉപമകളില്‍ ജീവിതത്തിന്‍റെ തീറാധാരം
എഴുതാനോങ്ങി.

കൂട്ടം വിട്ടുപോന്ന ഏതോ കൂട്ടുകാരനെ
ഓര്‍മ്മിപ്പിച്ചുകൊണ്ട്‌
കാട്ടില്‍ നിന്നെന്ന പോലെ ഒരു ശബ്ദം കേട്ടു അപ്പോള്‍.
അത് ജോസഫിന്റെതായിരുന്നു.
രാമനും വീരാന്‍കുട്ടിയും
വെള്ളക്കുമിള്യിലേക്ക് നോക്കി
സ്ഫടികമെന്നു പറയുന്നതു കണ്ടു.

ആറ്റൂരിലെയും കല്പ്പറ്റയിലെയും കുഴൂരിലെയും
നാട്ടുപാതകളിലൂടെ അലഞ്ഞു.
ഗോപിയോടൊപ്പം
മടിയരുടെ മാനിഫെസ്ടോയില്‍ ഒപ്പ് വെച്ചു.

അറിഞ്ഞോ അറിയാതെയോ
ഇതെല്ലാം പുളുവാണെന്നു വിളിച്ചു പറയുന്നു
അപ്പോള്‍ ടോണി എന്നൊരാള്‍.

ഇപ്പോള്‍ കാണുന്നതൊന്നും ഒറിജിനല്‍ അല്ലെന്ന
തോന്നല്‍ ശക്ത്തമാകുന്നു.
അത്രമേല്‍ ആരാണെന്നെ ഇങ്ങനെ
മറ്റൊരാളുടെ ഡ്യൂപ്പാക്കി കളയുന്നത്?

ചങ്ങമ്പുഴയിലേക്ക് തന്നെ
തിരിച്ചു നടത്തുന്നത്?

Tuesday, 21 April 2009

വാഴ്വ്

ഒടിച്ചും
തിരിച്ചും
ആവോളം ഉലച്ചും
ഉടലിനെ ആവിഷ്കരിക്കാം.

നാവു നീട്ടി പൊക്കിള്‍ തൊടാം.
ഉപ്പൂറ്റി കൊണ്ടു മൂര്‍ദാവും.
ഇടതു കൈ പുറകോട്ട് എടുത്ത്
ഇടനെഞ്ചിലും
വലതു കൈ പുറകോട്ട് എടുത്ത്
വലതു കവിളിലും
ചിത്രം വരയ്ക്കാം.

തല കുത്തി നിന്നു
ആകാശത്തെ തിരിച്ചിട്ടു നടക്കാം.
'O' കാരത്തില്‍
തിരശ്ചീനമായി ഉരുളാം.

വഴങ്ങാത്ത ഒരു എല്ല് പോലുമില്ല
ദേഹത്ത്.
ജലത്തില്‍ ജഡമെന്ന പോലെ.
വായുവില്‍ കാറ്റെന്ന പോലെ.

സര്‍ക്കസ്സ് ട്രൂപ്പില്‍ നിന്നു
പുറത്താക്കപ്പെട്ട ഒരാള്‍ക്ക്‌
മറ്റെന്താണ്
ഒരു സാധ്യത?

Sunday, 15 March 2009

കിണറുകളുടെ ആഴങ്ങള്‍

കുട്ടിക്കാലത്ത്‌
ഓടിക്കളിക്കുന്നതിനിടയില്
കിണറ്റില്‍ വീണതോര്മയുണ്ട്
ചെറിയ ആഴമുള്ള
വീണാല്‍ മരിക്കാത്ത അത്രയും
സൌമനസ്യമുള്ള കിണറുകള്‍

എന്നാല്‍ അന്നൊന്നും
കുഴല്ക്കിണറുകളെ കുറിച്ചു
കേട്ടിട്ടുണ്ടായിരുന്നില്ല.
പിന്നീടെപ്പോഴോ
കുഴല്ക്കിണറില് വീണ
കുട്ടിയെ കുറിച്ചു കേട്ടു
സന്ത്രാസത്തോടെ
അവയുടെ ദ്രിശ്യങ്ങള്‍
കണ്ടു.

വെള്ളം വരാതാവുമ്പോള്‍
ഊക്കോടെ മല്‍പ്പിടുത്തം നടത്താറുള്ള
സ്കൂളിലെ പൈപ്പിന് താഴെയും
കുഴല്ക്കിണറാണെന്ന അറിവ്
എന്നെ അന്താളിപ്പിക്കുന്നു

നഗരത്തില്‍ കിണറുകള്‍ കണ്ട്ടിട്ടില്ല
വെള്ളത്തിന്റെ ഉറവിടവും
എവിടെ എന്നറിയില്ല.
പൈപ്പുകള്‍ തോറും വിഘടിച്ച്ചു
പോകുന്ന അതിന്റെ വഴി തിരഞ്ഞു
കുഴയും.

ദൈവമേ
ഞാന്‍ വെയ്ക്കുന്ന
അടുത്ത കാല്‍ വെയ്പ്പ്
ഏത് കിണറ്റിലായിരിക്കും?
മറഞ്ഞുകിടക്കുന്ന
ഏത് ഗര്ത്തമാണെന്നെ
ഇങ്ങനെ ചാടിച്ചാടി നടത്തിക്കുന്നത്?

Wednesday, 28 January 2009

Object of desire

on the table
a doll always laughing
and I did not mind
her stuffed happiness.

a key chain
that has a magic vibration
table lamp playing 'hide and seek'
in its apple of the eye

empty jar did not still
that shouted to mother gravity
little stick started a dance of speed
sometimes its turtle trailing

tell me
why should I afraid of
two toes touching each other
under the table?

Thursday, 15 January 2009

ഉടല്‍വിനിമയങ്ങള്‍ (വാര്‍ത്താധിഷ്ടിതം)

വിരലിലൂടെ ഒരു വൈദ്യുതി കടന്നു വന്നു.
സ്വിറ്റ്സര്‍ലാണ്ടില്‍ ജെ എന്‍ സ്ട്രീറ്റില്‍
കാതറിന്‍ ഉടല്‍ മാത്രമായി നിന്നു.
മുംബെയിലെ ഹോട്ടല്‍ ടൌന്‍ വ്യൂവില്‍ നിന്നും
കൊച്ചിയില്‍ പാലാരിവട്ടത്തുനിന്നും
രണ്ടു ഉദ്ധൃത ലിംഗങ്ങള്‍ പരസ്പരം ഉഷ്ണം പകുത്തു.

കാഞ്ഞങ്ങാട്ട്, കാച്ചെണ്ണ മണക്കുന്ന സുനന്ദയുടെ
മുടിയിഴകളില്‍ വിരലോടിച്ചു
വടക്കന്ചെരിയിലെ ഗേള്‍സ് ഹോസ്റ്റലില്‍
പ്രീത സെന്‍ വികാരനിര്‍ഭരയായി.

വിധേയപ്പെടാന്‍ കൊതിക്കുന്ന
അരക്കെട്ടുമായി ഷൈമി എന്ന ഷൈന്‍
അടിവസ്ത്രത്തില്‍ എല്‍ ഒറിയാല്‍ പാരീസിന്റെ
അത്തര് പൂശി, വലത്തേ ചെവിയില്‍ കമ്മലിട്ടു.

ചുരത്താന്‍ കൊതിക്കുന്ന മാറിടത്തില്‍
ദേവപ്രഭ സിസ്റ്റര്‍ സെരിന്റെ പേരെഴുതിക്കൊണ്ടിരുന്നു.
സെറിന്‍ ഉത്തമ ഗീതത്തില്‍
ദേവപ്രഭയെ സങ്കല്പിച്ചു കിടന്നു.

നാഗമ്പടത്ത് ഗ്രിഗരിയച്ചന്‍(61)
വെള്ളത്തൂവലിലെ ആന്മേരിയുടെ (16)
അടിപ്പാവാടയില്‍ മുഖമമര്‍ത്തി കേണു.
കോലഞ്ചേരിയില്‍ കുഞ്ഞാടുകള്‍
കൂട്ടത്തോടെ കരഞ്ഞു വിളിച്ചു പാഞ്ഞു.

സുഭാഷ് പാര്‍ക്കിലും മാനാംചിരയിലും
പയ്യാമ്പലത്തും
അപരിചിത യാത്രക്കാര്‍ക്ക് വഴി തെറ്റി.
മലബാര്‍ എക്സ്പ്രസ്സ് കൊരപ്പുഴപാലം കടക്കുമ്പോള്‍
വടക്കോട്ട്‌ പോകുന്ന അമരേശന്റെ തുടയിടുക്കില്‍
വിഷപ്പാമ്പ് കൊത്തുന്നു.

അനന്തകോടി ബീജങ്ങള്‍
നിമിഷത്തിന്റെ ഓരോ പെരുക്കത്തിലും
"ഹാ ജീവിതമേ" എന്ന് ആര്‍ത്തു രസിക്കുമ്പോള്‍
ഭൂമിയ്ക്ക് മുറിയാതെ ഈ തോട്ടുവക്കത്ത്
പുല്ലരിയുന്ന പെണ്ണേ,
ഒന്നു തോളേല്‍ കയ്യിട്ടതിനു
നീയെന്തിനിത്ര കരഞ്ഞു കരഞ്ഞു തീരണം?

Friday, 9 January 2009