Thursday 24 December 2009

പാതി


ചില പാട്ടുകള്‍
ആകാശവാണിക്കാര്
പാതിയില്‍ വെച്ച്
കൊരണയ്ക്കു പിടിച്ചു കൊന്നുകളയും.
അനുപല്ലവിയിലേക്ക്
ഓങ്ങിയ ഒരു ഹമ്മിങ്ങില്‍
യേശുദാസ് വെള്ളം കുടിക്കാന്‍ പോകും.

സന്ധ്യയായി
ഇനി അടുത്ത തവണ ആവട്ടെ
എന്ന് തെങ്ങുകയറ്റക്കാരന്‍
പാതിയില്‍ നിന്ന് താഴോട്ടിറങ്ങും.

ഒരാള്‍ക്ക് മാത്രം പാകമായ തടിപ്പാലം
നടുവില്‍ വെച്ച് തിരിച്ചു നടത്തും.
കറ്റയുമായി എതിരെ വന്ന പെണ്ണുങ്ങള്‍
പോയിക്കഴിയും വരെ.

മുറിച്ചു കടക്കില്ല,
ഒരു സീബ്രാവരയും.
തിരിഞ്ഞു നടക്കും
ഒടുവിലത്തെ വണ്ടിയും കടന്നു പോകാന്‍.

പാതിയില്‍ വെച്ച്
പുറകോട്ടു നടത്തുന്ന
ആരോ ഒരാള്‍ കൂടെയുള്ളതിനാല്‍
ഒരാളെയും പ്രേമിച്ചില്ല.
ഒരാളെയും അത്ര ആദരവോടെ
പിന്തുടര്‍ന്നില്ല.

ഇതാ കണ്ടില്ലേ,
ഒരിടത്തും എത്താത്ത ഈ കവിതയും!

5 comments:

ശ്രീപ്രസാദ് said...

ottum pratheekshikkaath avasaanam...

വിഷ്ണു പ്രസാദ് said...

നുണ നുണ നുണ....

Pramod.KM said...

കണ്ടു. ഏത്തേണ്ട സ്ഥലത്തു തന്നെ എത്തിയ കവിത:)

പകല്‍കിനാവന്‍ | daYdreaMer said...

നല്ല കവിത സുധീഷ്..ക്യത്യമായി എത്തേണ്ടൈടത്ത് എത്തിയത്.. പാതി.. :)

RETHISH RAVI said...

kollam nalla jingrathayulla kavitha