Thursday, 14 May 2009

കോട്ടേമ്പ്രത്ത് നിന്നും ചങ്ങമ്പുഴയിലേക്കുള്ള ദൂരം

അന്നൊക്കെ
'കപട ലോകത്തില്‍ ആത്മാര്‍ഥമായ
ഒരു ഹൃദയം ഉണ്ടായതാണ് എന്‍ പരാജയം'
എന്ന വരികളായിരുന്നു
എന്നെ വഴി നടത്തിയിരുന്നത്.
എല്ലാ സ്നേഹനിരാസങ്ങളില്‍ നിന്നും
അതെന്നെ രക്ഷിച്ചു പോന്നു.

ചങ്ങമ്പുഴയില്‍ നിന്നാണ്
ചുള്ളിക്കാട്ടേക്കും
അയാപ്പനപ്പാപ്പനിലെക്കും
പോകുന്ന തുരന്ഗങ്ങള്‍ തുടങ്ങുന്നത്.
അവിടന്നു കിട്ടിയ ലഹരിപാനീയം കുടിച്ചു
ഉന്മത്തനായി നടന്നു കുറച്ചു കാലം
തിക്ത്ത പ്രണയവും വിഫല രേതസ്സുമെന്ന
ഉപമകളില്‍ ജീവിതത്തിന്‍റെ തീറാധാരം
എഴുതാനോങ്ങി.

കൂട്ടം വിട്ടുപോന്ന ഏതോ കൂട്ടുകാരനെ
ഓര്‍മ്മിപ്പിച്ചുകൊണ്ട്‌
കാട്ടില്‍ നിന്നെന്ന പോലെ ഒരു ശബ്ദം കേട്ടു അപ്പോള്‍.
അത് ജോസഫിന്റെതായിരുന്നു.
രാമനും വീരാന്‍കുട്ടിയും
വെള്ളക്കുമിള്യിലേക്ക് നോക്കി
സ്ഫടികമെന്നു പറയുന്നതു കണ്ടു.

ആറ്റൂരിലെയും കല്പ്പറ്റയിലെയും കുഴൂരിലെയും
നാട്ടുപാതകളിലൂടെ അലഞ്ഞു.
ഗോപിയോടൊപ്പം
മടിയരുടെ മാനിഫെസ്ടോയില്‍ ഒപ്പ് വെച്ചു.

അറിഞ്ഞോ അറിയാതെയോ
ഇതെല്ലാം പുളുവാണെന്നു വിളിച്ചു പറയുന്നു
അപ്പോള്‍ ടോണി എന്നൊരാള്‍.

ഇപ്പോള്‍ കാണുന്നതൊന്നും ഒറിജിനല്‍ അല്ലെന്ന
തോന്നല്‍ ശക്ത്തമാകുന്നു.
അത്രമേല്‍ ആരാണെന്നെ ഇങ്ങനെ
മറ്റൊരാളുടെ ഡ്യൂപ്പാക്കി കളയുന്നത്?

ചങ്ങമ്പുഴയിലേക്ക് തന്നെ
തിരിച്ചു നടത്തുന്നത്?