Monday 23 June 2014

റൂം ഫോര്‍ റെന്റ്

മാസത്തില്‍ ഒന്നോ രണ്ടോ തവണ
നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍
മുറിയെടുത്തു പാര്‍ക്കും അബ്ദു.
ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ
അത്യാവശ്യമായി ആരെയെങ്കിലും കാണേണ്ടതുകൊണ്ടോ
മദ്യപാനത്തിനോ ഉടന്‍രതിക്കോ അല്ലാതെ.
കഴിഞ്ഞ തവണ വന്നപ്പോള്‍
അയല്‍ക്കാരന്‍ ഫിറോസ് കൊടുത്ത
മുന്തിയതും, എന്നാല്‍ മൂക്കു തുളച്ചുകയറാത്തതുമായ
ഒരിനം സ്‌പ്രേ അപ്പോള്‍ പൂശും.
അത്ര ആര്‍ഭാടമില്ലാത്ത
വൃത്തിയുള്ള പാന്റും കുപ്പായവും ഷൂസും ധരിക്കും.
പര്‍പ്പസ് ഫോര്‍ വിസിറ്റ് എന്ന കോളത്തില്‍
ബിസിനസ്സ് ആവശ്യം എന്ന്
വടിവൊത്ത് എഴുതും.

മുറിയടച്ച് ധ്യാനനിരതനായിരിക്കുന്ന അബ്ദുവിന്
ഓരോ മണിക്കൂറിലും എന്തെങ്കിലും വേണോ സര്‍
എന്ന് റൂം ബോയ് വാതില്‍ക്കല്‍ നില്‍ക്കും.
ഒരു ബോട്ടില്‍ വെള്ളം, ഒരു കോഫീ, കൂള്‍ ഡ്രിങ്ക്‌സ് എന്തെങ്കിലും
എന്നൊക്കെ അപ്പോഴെല്ലാം അയാള്‍ ഓര്‍ഡര്‍ കൊടുക്കും.
ചെക്ക് ഔട്ട് ചെയ്യാനുള്ള പരമാവധി സമയത്തിന്റെ
മുനമ്പിലേക്ക് ശ്വാസമെടുക്കുമ്പോള്‍
ദിവസത്തില്‍ അനുവദിക്കപ്പട്ട പരമാവധി സമയം
ഇരുപത്തിനാലു മണിക്കൂറും
വളരെ പ്രധാനപ്പെട്ടതായി തോന്നും ആ ദിവസങ്ങളില്‍.

വലിയ ആലോചനകളുടെ ഭാരം
വാടകപ്പാര്‍പ്പിനിടയില്‍ വരാതിരിക്കാന്‍ അബ്ദു ശ്രമിക്കും.
അതിനായി അയാള്‍ കണ്ടുപിടിച്ച ഒരു മാര്‍ഗം
ഉറക്കം വരാത്തവര്‍ക്ക് ഡോക്ടര്‍ നിര്‍ദേശിക്കാറുള്ള
നൂറുവരെയുള്ള എണ്ണമോ
ഗുണകോഷ്ടം ചൊല്ലലോ ഒക്കെ ആവും.
പക്ഷേ മുപ്പതുവരെയൊക്കെ
അക്കങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിയുള്ള എണ്ണലിനെ
പതുക്കെ മറ്റ് ആലോചനകളുടെ
ചുറ്റുവള്ളികള്‍ വന്ന് വരിയും.
അതിനാല്‍
അപ്പോള്‍ താമസിക്കുന്ന നഗരത്തെ കുറിച്ചു തന്നെ
ആലോചിക്കുകയാണ് മറ്റൊരു മാര്‍ഗം.
ഉദാഹരണത്തിന് കോഴിക്കോടാണെങ്കില്‍
കോഴിക്കോടില്‍ എങ്ങനെ കോഴി വന്നു എന്നും
അതിനെ സംബന്ധിക്കുന്ന വിശ്വാസയോഗ്യമായ
കഥ മെനയലും ആയിരിക്കും.
ഏറണാകുളത്താണെങ്കില്‍ എന്തുകൊണ്ട് കുളം?
എന്തുകൊണ്ട് കരയായില്ല എന്നും മറ്റും ചിന്ത പോകും.

ഒട്ടും നഷ്ടമല്ല,
അവനവനെ തന്നെ കേള്‍ക്കുന്നതിന്റെ
അധികലാഭമാണിത്
എന്ന് മനസ്സിലുറപ്പിച്ച്
ഓരോ തവണയും മുറിവാടക കൊടുക്കുമ്പോള്‍
അതുവരെ റദ്ദായിപ്പോയ ജീവിതം
തുടര്‍ നടപടികള്‍ക്ക് വിധേയമാവുന്നു
എന്നതു പോലെ സന്തോഷിക്കും.

കയ്യിലുള്ള പണം തീര്‍ന്ന്
വീട്ടില്‍ തിരിച്ചെത്തുമ്പോള്‍
വിശപ്പ് അയാള്‍ക്കുള്ളില്‍ അമറിത്തുടങ്ങും.
ഇബ്ട ഒന്നുമില്ലേ തിന്നാന്‍?
എന്ന് ആക്രോശിച്ചുകൊണ്ട്
അടുക്കളയിലേക്ക് ഓടിക്കയറും.
എല്ലാ പാത്രങ്ങളും തുറന്നുനോക്കി
ഒന്നുമില്ലായ്മയുടെ കനം കണ്ട് അന്തിച്ചിരിക്കുമ്പോള്‍
കലത്തില്‍ തലേദിവസത്തെ ചോറുണ്ട്
എന്ന അറിവ് അയാളെ ആഹ്ലാദിപ്പിക്കും.
പച്ചമുളക് ഞെരടി
അത് വാരിത്തിന്നും.

അന്നേരം ഓരോ വറ്റിനും
മുന്‍പില്ലാത്ത രുചി അയാളറിയും.
മുറിയുടെ മൂലയില്‍ നിന്ന്
ചുരുട്ടിവെച്ച പായ
തറയില്‍ വിരിച്ച്
റ പോലെ കിടക്കും.
അപ്പോള്‍
എന്തെങ്കിലും വേണോ സര്‍
എന്ന് കൂടെക്കൂടെ
ചോദിക്കും
ഒരു പാവം ദൈവം;
റൂം ബോയിയുടെ ശബ്ദത്തില്‍.