Wednesday, 24 December 2008

ബാധ

നഗരങ്ങളിലൂടെയും
നാട്ടുപാതകളിലൂടെയും
ഒറ്റയ്ക്ക് നടന്നു.

മരിയ്ക്കട്ടെ എന്ന് കരുതി
വാഹനങ്ങള്‍ നോക്കാതെ
ടാറിട്ട റോഡുകള്‍ മുറിച്ചുകടന്നു.

ആകാശത്തിലേക്ക് പോകുന്ന
മരത്തിന്റെ ചില്ലയില്‍
ഭൂഗുരുത്വം മറന്നു കിടന്നു.

തീയില്‍ കുളിച്ചു.
ഹിമക്കട്ടയില്‍ പുതഞ്ഞു കിടന്നു.

ഉടല് പൊള്ളുകയും
ശൈത്ത്യത്താല്‍ വിറയ്ക്കുകയും
അപകടപ്പെടാതെ മുറിച്ചുകടക്കപ്പെടുകയും
അറിയാതെ പോലും മരത്തിന്റെ ചില്ല പൊട്ടാതെയും
ഭദ്രമായിത്തന്നെ ഓരോ തവണയും
തിരിച്ചെത്തുന്നു.

മുറിയില്‍ ചെന്നു
മുഴുനീള കണ്ണാടിയില്‍
സൂക്ഷിച്ചു നോക്കി.

ഇല്ല.
നീ പോയിട്ടില്ല.
മുഴുവനായും
ഉടലിലും ഉള്ളിലും.

Wednesday, 29 October 2008

മച്ചി

മൂത്തമ്മയ്ക്ക് മക്കളില്ല
അവരുടെ ഭര്‍ത്താവ് ഷണ്ഡന്‍ ആയതുകൊണ്ടാണ് എന്നും
അതല്ല, അവര്‍ മച്ചി ആയതുകൊണ്ടാണ് എന്നും
രണ്ടഭിപ്രായങ്ങള്‍ കേട്ടിരുന്നു.
ആളുകളുടെ മുഖത്ത്‌ നോക്കാന്‍
ലജ്ജിച്ചു ഒരുനാള്‍
അയാള്‍ മദിരാശിക്കു വണ്ടി കയറി.
അതില്‍പിന്നെ
മൂത്തമ്മ പിന്നെയും ഒറ്റത്തടിയായി.

പണി കഴിഞ്ഞു വീട്ടിലെത്താനുള്ള ധൃതിയില്‍
പാലോ മോരോ വാങ്ങിചെല്ലുന്നതില്‍
റേഷന്‍ കടയില്‍
മീന്‍ ചന്തയില്‍
വേണ്ടപ്പെട്ട ആരോ
കാത്തിരിക്കുന്നുണ്ട് എന്ന ഭാവം
അവരെ വിട്ടുപോയില്ല.

മറ്റാരുടെയും കുഞ്ഞിനെ
അവര്‍ ഓമനിച്ചില്ല
അരുമയോടെ ഒന്നു നോക്കുക കൂടി ചെയ്തില്ല.
മദിരാശിക്കു പോയ ആള്‍
തിരിച്ചുവന്നില്ല.

മൂത്തമ്മ ഇപ്പോഴും തിരക്കിലാണ്.
ധൃതിയില്‍ അല്ലാതെ
അവരെ കാണാനേ കഴിയില്ല.
ആരുടെയോ ആജ്ഞ
അണ്‌വിടാതെ അനുസരിക്കും പോലെ.

എനിക്ക്
അവരെ തൊഴാന്‍ തോന്നുന്നു.

Sunday, 19 October 2008

തീന്മേശയില്‍...

ദുര്‍ബലചിത്തനായ
ആണ്‍ പന്നി
എന്ന് എന്നെ കുറിച്ചുതന്നെ
വ്യസനം കൊണ്ടു.
ശരീരത്തിന്റെ തടവറകള്‍
എന്ന് കാമപ്പെട്ടു.

ഉരിഞ്ഞുവെച്ച തോലുടുപ്പ്
പിഴുതെടുത്ത കണ്ണുകള്‍
വെറുതെ മിടിച്ചുകൊണ്ടിരിക്കുന്ന
ഒരു ഹൃദയം
ഇത്രയും കൊണ്ടു
ഇന്നത്തെ അത്താഴം.

നീ വരുന്നതും കാത്തിരുന്നു.
നീ വന്നില്ല.

മൂന്നാം പക്കവും
എന്റെ ചോറ്റില്‍
കല്ലുകടിക്കുന്നു.

Tuesday, 7 October 2008

അമരവള്ളിയുടെ ഉച്ചിയില്‍

വെള്ളമോ വളമോ
കൊടുത്തിട്ടില്ല
മറ്റൊരു ചെടിയെയും
പരിപാലിക്കും പോലെ
നോക്കിയിട്ടില്ല.

എവിടെ നിന്നോ കിട്ടിയ
അമരവിത്ത്
എങ്ങനെയോ
മുളച്ചത്

ആരെയും കാത്തുനില്‍ക്കാതെ
അത് വളര്‍ന്നു.
ഒരു അനിഷ്ടവുമുണ്ടയിരുന്നില്ല
അതിന്
മണ്ണിനോടോ മനുഷ്യരോടോ.

ദിവസവും
അതിന്റെ കിളിര്‍പ്പുകള്‍
സൂര്യനിലേക്ക് കണ്ണ് പായിച്ചു.
ചിലപ്പോള്‍
എയ്ത്തുനക്ഷത്രം പോലെ
മറ്റുചിലപ്പോള്‍
അതിലും വേഗത്തില്‍.

ഇപ്പോള്‍
കയ്യെത്താ ദൂരത്തു
മേഘപടലങ്ങള്‍ക്കപ്പുരം
പന്തലിച്ചിരിക്കുന്നു
അതിന്റെ ഉയരങ്ങള്‍...

ഒരുനാള്‍
മറ്റാരുമില്ലാത്ത നേരം
മുറ്റത്തു നിന്നു
അതിന്റെ ഇലയിടുക്കുകളില്‍
ചവിട്ടി
ഏറെ ഉയരെ
താഴെ നോക്കുമ്പോള്‍
ഭൂമി ഉള്ളം കയ്യിലെടുക്കാവുന്ന
അത്രയും ഉയരെ എത്തി

ഇനി താഴോട്ടില്ല
എന്ന് തീരുമാനിക്കാന്‍ മാത്രം
മനസ്സപ്പോള്‍ ആകാശത്തെ സ്നേഹിച്ചു.

എന്നെങ്കിലും
അമരവള്ളിയുടെ വേരുകള്‍
അതിന്റെ മക്കളോട്
പറയുമായിരിക്കും
'എല്ലാം കാണാനും കേള്‍ക്കാനും
മുകളില്‍ ഒരാളുണ്ട് '
എന്ന്.

Saturday, 4 October 2008

ആണ്‍കോഴിയുടെ ആത്മഗതം

കാക്കയ്ക്കോ
പരുന്തിണോ
മനുഷ്യര്‍ക്കോ
കയ്യെത്താത്ത ഇടത്ത്
ഏതോ അപരജീവിയുടെ
മുട്ടകള്‍ക്ക് അടയിരുന്നു.

രണ്ടുനാള്‍
മൂന്നു നാള്‍
ദിനങ്ങളോളം
അരുമയോടെ
കാത്തുവെച്ചു അവയെ

ആവുന്നത്രയും ചൂടിനാല്‍
അടിവയര്‍ അവയെ ലാളിച്ചു.
ചിറകിനാല്‍ ചിത്രലിപികള്‍
എഴുതി
ചുണ്ടുകളാല്‍ തടവി

വിരിഞ്ഞതെയില്ല
അവ

ഇപ്പോള്‍ തണുത്തു
ഏറെ തണുത്ത്
മരവിച്ച മുട്ടകള്‍ക്ക് മേല്‍
അതേ ഇരിപ്പ്

പിറന്നേക്കുമോ
പിറന്നേക്കുമോ
എന്ന പ്രതീക്ഷ തരുന്ന
ഒരു ചൂടുണ്ട് ഉള്ളില്‍.
അതുമതി.

Sunday, 28 September 2008

മുഖലക്ഷണം


കൈനോട്ടക്കാരന്റെ തത്ത
നല്ല കാലം കൊത്തിക്കൊണ്ടുവരും
ശുഭകാര്യം നടക്കാന്‍ പോകുന്നുവെന്ന്
ധനാഗമം വരുന്നെന്നു
കണ്ടകശനി തീര്‍ന്നെന്നു
ഈശ്വരന്മാരുടെ പടം നോക്കിപ്പറയും

പ്രവചിക്കപ്പെട്ട ഭാവിയിലാണ്‌
പിന്നീടമ്മ ചോറ് വിളമ്പുക
അനിയത്തി പുഷ്പകവിമാനത്തില്‍
പറന്നുവരിക
കുടിനിര്‍ത്തിയ അച്ഛന്‍
രാമായണം വായിച്ചുതുടങ്ങുക

കണിയാന്റെ
ദോഷപരിഹാരക്കുരിപ്പുകള്‍
ഭസ്മക്കൂട്ട്
നേര്ച്ചപ്പണം
ജപിച്ചുകെട്ടിയ ഏലസ്സ്
അമ്മയുടെ കോന്തല നിറയെ
പേടികളും കൂടോത്രവും

അമ്മയോടെ മണ്ണടിഞ്ഞ പുരാവൃത്തം

ഇപ്പോള്‍ ആരും മുഖലക്ഷണം പറയാറില്ല
കണ്ടവരുണ്ടോ
കൈനോട്ടക്കാരന്റെ കയ്യില്‍ നിന്നു
ദേശാടനത്തിനു ഇറങ്ങിയ
തത്തയെ.

നാടുകടത്തല്‍


അടുപ്പിന്‍റെ മൂലയിലോ
കോണിപ്പടിയിലോ
കോലായയിലോ
കിണറ്റുകരയിലോ
എല്ലാ നേരങ്ങളിലെയും വീട്ടിലെ
അന്തേവാസിപ്പൂച്ചയെ ഓര്‍ത്തു

ചെവിക്ക് പിടിച്ച്
എപ്പോഴുമെപ്പോഴും
പുറത്താക്കും
ആരെങ്കിലുമൊക്കെ
ഒട്ടും വൈരാഗ്യമില്ലാതെ
വീണ്ടും അത് അവിടെത്ത്ന്നെ
ഇരിക്കുകയോ കിടക്കുകയോ ചെയ്യും

ഒരിക്കല്‍
രണ്ടും കല്‍പ്പിച്ച്
പാടങ്ങള്‍ക്കക്കരെ
ആളില്ലാപ്പറമ്പില്‍
തിരിച്ചെത്താനാവാത്ത വിധം
ഉപേക്ഷിച്ചു
അച്ഛന്‍ അതിനെ

ഒരു മൂളലോ മുരടനക്കമോ
ഇല്ലാതെ
ആ നാടുകടത്തല്‍ പൂച്ച ക്ഷമിച്ചിരിക്കും
ഏറെ നാള്‍ കൂടെക്കിടന്ന ചൂട്
വീടും മറന്നിരിക്കും

പൂച്ചയില്ലാത്ത വീട്ടിലിരുന്ന്
പുറത്തേക്ക് നോക്കുമ്പോള്‍
വീണ്ടും കാണുന്നു അതേ കണ്ണുകള്‍
മീന്‍ മുറിക്കാന്‍ തുടങ്ങവേ
അമ്മയുടെ ചാരെ.
ഉറങ്ങുന്ന അച്ഛന്റെ കാല്‍ക്കല്‍
വരാന്തയില്‍
കസേരയില്‍
കിണറ്റുകരയില്‍

ഇവിടം വിട്ട്
എങ്ങോട്ട് പോകാന്‍
എന്ന
ഉറച്ച അതിന്റെ
കാല്‍പ്പെരുമാറ്റങ്ങള്‍

കാലങ്ങളെ
പെറ്റുകിടക്കുന്നു
നാടുകടത്ത്പ്പെട്ടിട്ടും
വിട്ടുപോവാത്ത
കുടിപ്പാര്‍പ്പ്

എന്നെത്തെയും പോലെ


രാത്രി
അതിന്‍റെ ഉടല്‍ നിറയെ
ചിത്രപ്പണികള്‍ ചെയ്തുകൊണ്ടിരുന്നു
വെളിച്ചത്തിന്‍റെ പക്ഷികള്‍ വന്നു
അവ കൊത്തിയെടുക്കും വരെ

കാടിനേയും കാട്ടരുവിയെയും
കറുപ്പില്‍ എഴുതി
മരങ്ങളെ
മരങ്ങളില്‍ രാപാര്‍ക്കും
പറവകളെ
ആകാശം നോക്കി കിടക്കും കുളത്തെ.

ഇടവഴികളിലൂടെ
ഒറ്റയ്ക്ക് സഞ്ചരിച്ചു
താഴ്വാരങ്ങളില്‍
മദിച്ചുകിടന്നു

ഉറങ്ങുന്ന കുരുവിക്കുഞ്ഞുങ്ങളെ
ഉണര്‍ത്താതെ
അവയെ ആര്‍ദ്രതയോടെ
തഴുകിക്കൊണ്ട്
പുലര്ച്ചയിലേക്ക് മെല്ലെ നടന്നു

വെളിച്ചത്തിലേയ്ക്കു അടുക്കുന്തോറും
അതിര്‍ത്തി എവിടെ എന്ന്
വീണ്ടും വീണ്ടും ആകുലപ്പെട്ടു
ഇതാ ഇപ്പോള്‍
അതിര്‍ത്തികള്‍ മാഞ്ഞു
ജലച്ചായചിത്രം പോലെ
പടര്ന്നുവല്ലോ
ഒരു രാവും
ഒരു പകലും .

കണ്ണുതെറ്റിയാല്‍


മീനുകള്‍ വരച്ച പുഴയുടെ ചിത്രം
വികൃതമാകും
തോണിക്കാരന്‍
അയാളുടെ പങ്കായമിട്ടു തുഴയവേ.
വെയില്‍ വീണു വെളുത്ത
തടാകത്തെ
ഒറ്റയ്ക്ക് വിടരുതേ
ഉടഞ്ഞുപോകും
അതിന്‍റെ കണ്ണിലെ ആകാശം.

പൂക്കളെ
കുരുവിയെ
കുഞ്ഞുങ്ങളെ
ചേര്‍ത്തെ പിടിക്കൂ

ഇപ്പോള്‍ പുറപ്പെട്ടുപോയ
വാക്കിനെ
നോക്കിനെ

കണ്ണ് എടുക്കല്ലേ
കഴുത്തറ്റം മുങ്ങിയാലും
ഈ കരയില്‍ നിന്നും

Sunday, 21 September 2008

നിന്നെ കണ്ട മാത്രയില്‍


എന്‍റെ സ്നേഹമേ
എന്‍റെ സ്നേഹമേ
എന്ന് ഏഴ് ലോകത്തോടും
വിളിച്ചു കൂവാന്‍ തോന്നി
ഹിമാലയത്തിനു മുകളില്‍ നിന്നു
അഗ്നിനിര്ത്തമാടന്‍ തോന്നി
കടല്‍ ഏഴ് യോജന താണ്ടിക്കടക്കാന്‍ തോന്നി
ആണ്മരത്തിന്റെ ശിഖിരങ്ങളില്‍
വസന്തത്തിന്‍റെ നിറം കൊടുത്തു.
വെള്ള കാളയ്ക്കു
അകിട് വരച്ചു.

അതാ നോക്കൂ
പൂത്ത മരത്തിനു കീഴെ
രണ്ടു പാമ്പുകള്‍
ഇണചേരുന്നു