Wednesday 24 February 2010

ദാരിദ്ര്യം എന്ന പേരില്‍ ഇനി ഒരു കവിതയ്ക്കു സാധ്യതയുണ്ടോ?

രാവാരി മഠത്തിലെ വടക്കേ ചായ്പ്പില്‍
ഒരിലച്ചോറിനു
അച്ഛന്‍ അന്തി വരെ തെങ്ങിനു തടമെടുത്തു കൊണ്ടിരിക്കും.
അകത്തുള്ളോര്‍ക്കു തലയില്‍ തേക്കാന്‍
പുറത്തെ അടുപ്പില്‍
അമ്മ ചെമ്പരത്യാദി വെളിച്ചെണ്ണ കാച്ചും.

കൂവളത്തില നുള്ളാനും
പറമ്പിലെ തേങ്ങ പെറുക്കാനും
എന്നെയും കൂട്ടും.

ഏട്ടിലെ പയ്യിനുള്ള മുതിരപ്പുഴുക്കില്‍ നിന്ന്
ഒരോതി മാറ്റിവെയ്ക്കും അമ്മ
ചക്ക പോലുമില്ലാത്ത കര്‍ക്കിടകത്തില്‍
ഞങ്ങളുടെ പള്ളയിലെ തീ കെടുത്താന്‍.

നെല്ല് കുത്താനോ കള പറിക്കാനോ പോകുമ്പോള്‍
ദയയുള്ള വല്യേടത്തുകാര്‍
അവരുടെ സ്വദേശത്തില്ലാത്ത മരുമക്കളുടെ
പാകമാകാത്ത കുപ്പായങ്ങള്‍ തരും.
കൂറമുട്ടായി മണക്കുന്ന
അവരുടെ ഉടുപ്പിന്റെ അയവിലേക്ക് വളരാന്‍
ഞങ്ങള്‍ കാലങ്ങളോളം കാത്തിരിക്കും.

ചോളം പൊരിക്കോ കോലൈസിനോ വേണ്ടി
കരഞ്ഞിട്ടില്ല.
കടം വാങ്ങിയ മലയാളം പാഠാവലി
മഴ വീണു കുതിര്‍ന്നു പോയി.
ഗുണനപ്പട്ടികയ്ക്ക് കശുവണ്ടി കൂട്ടിവെച്ചു.
പൊട്ടിയ സ്ലേറ്റിന്റെ ചട്ട കൊണ്ടു
ടിവിയുണ്ടാക്കി കളിച്ചു.

കൊല്ലപ്പരീക്ഷ കഴിഞ്ഞു
കോഴിയെ പോറ്റി.
കോഴി ഞങ്ങളെയും.

ഇപ്പോള്‍ റോയല്‍ ബേക്കറിയില്‍
ഒരു ചിക്കന്‍ ഷവര്‍മയ്ക്ക് മുന്‍പിലിരിക്കെ
ഒരു (കാലന്‍)കോഴി
എന്‍റെ ഉള്ളില്‍ തൊള്ള തുറക്കെ കരയുന്നു.