Wednesday 29 October 2008

മച്ചി

മൂത്തമ്മയ്ക്ക് മക്കളില്ല
അവരുടെ ഭര്‍ത്താവ് ഷണ്ഡന്‍ ആയതുകൊണ്ടാണ് എന്നും
അതല്ല, അവര്‍ മച്ചി ആയതുകൊണ്ടാണ് എന്നും
രണ്ടഭിപ്രായങ്ങള്‍ കേട്ടിരുന്നു.
ആളുകളുടെ മുഖത്ത്‌ നോക്കാന്‍
ലജ്ജിച്ചു ഒരുനാള്‍
അയാള്‍ മദിരാശിക്കു വണ്ടി കയറി.
അതില്‍പിന്നെ
മൂത്തമ്മ പിന്നെയും ഒറ്റത്തടിയായി.

പണി കഴിഞ്ഞു വീട്ടിലെത്താനുള്ള ധൃതിയില്‍
പാലോ മോരോ വാങ്ങിചെല്ലുന്നതില്‍
റേഷന്‍ കടയില്‍
മീന്‍ ചന്തയില്‍
വേണ്ടപ്പെട്ട ആരോ
കാത്തിരിക്കുന്നുണ്ട് എന്ന ഭാവം
അവരെ വിട്ടുപോയില്ല.

മറ്റാരുടെയും കുഞ്ഞിനെ
അവര്‍ ഓമനിച്ചില്ല
അരുമയോടെ ഒന്നു നോക്കുക കൂടി ചെയ്തില്ല.
മദിരാശിക്കു പോയ ആള്‍
തിരിച്ചുവന്നില്ല.

മൂത്തമ്മ ഇപ്പോഴും തിരക്കിലാണ്.
ധൃതിയില്‍ അല്ലാതെ
അവരെ കാണാനേ കഴിയില്ല.
ആരുടെയോ ആജ്ഞ
അണ്‌വിടാതെ അനുസരിക്കും പോലെ.

എനിക്ക്
അവരെ തൊഴാന്‍ തോന്നുന്നു.

Sunday 19 October 2008

തീന്മേശയില്‍...

ദുര്‍ബലചിത്തനായ
ആണ്‍ പന്നി
എന്ന് എന്നെ കുറിച്ചുതന്നെ
വ്യസനം കൊണ്ടു.
ശരീരത്തിന്റെ തടവറകള്‍
എന്ന് കാമപ്പെട്ടു.

ഉരിഞ്ഞുവെച്ച തോലുടുപ്പ്
പിഴുതെടുത്ത കണ്ണുകള്‍
വെറുതെ മിടിച്ചുകൊണ്ടിരിക്കുന്ന
ഒരു ഹൃദയം
ഇത്രയും കൊണ്ടു
ഇന്നത്തെ അത്താഴം.

നീ വരുന്നതും കാത്തിരുന്നു.
നീ വന്നില്ല.

മൂന്നാം പക്കവും
എന്റെ ചോറ്റില്‍
കല്ലുകടിക്കുന്നു.

Tuesday 7 October 2008

അമരവള്ളിയുടെ ഉച്ചിയില്‍

വെള്ളമോ വളമോ
കൊടുത്തിട്ടില്ല
മറ്റൊരു ചെടിയെയും
പരിപാലിക്കും പോലെ
നോക്കിയിട്ടില്ല.

എവിടെ നിന്നോ കിട്ടിയ
അമരവിത്ത്
എങ്ങനെയോ
മുളച്ചത്

ആരെയും കാത്തുനില്‍ക്കാതെ
അത് വളര്‍ന്നു.
ഒരു അനിഷ്ടവുമുണ്ടയിരുന്നില്ല
അതിന്
മണ്ണിനോടോ മനുഷ്യരോടോ.

ദിവസവും
അതിന്റെ കിളിര്‍പ്പുകള്‍
സൂര്യനിലേക്ക് കണ്ണ് പായിച്ചു.
ചിലപ്പോള്‍
എയ്ത്തുനക്ഷത്രം പോലെ
മറ്റുചിലപ്പോള്‍
അതിലും വേഗത്തില്‍.

ഇപ്പോള്‍
കയ്യെത്താ ദൂരത്തു
മേഘപടലങ്ങള്‍ക്കപ്പുരം
പന്തലിച്ചിരിക്കുന്നു
അതിന്റെ ഉയരങ്ങള്‍...

ഒരുനാള്‍
മറ്റാരുമില്ലാത്ത നേരം
മുറ്റത്തു നിന്നു
അതിന്റെ ഇലയിടുക്കുകളില്‍
ചവിട്ടി
ഏറെ ഉയരെ
താഴെ നോക്കുമ്പോള്‍
ഭൂമി ഉള്ളം കയ്യിലെടുക്കാവുന്ന
അത്രയും ഉയരെ എത്തി

ഇനി താഴോട്ടില്ല
എന്ന് തീരുമാനിക്കാന്‍ മാത്രം
മനസ്സപ്പോള്‍ ആകാശത്തെ സ്നേഹിച്ചു.

എന്നെങ്കിലും
അമരവള്ളിയുടെ വേരുകള്‍
അതിന്റെ മക്കളോട്
പറയുമായിരിക്കും
'എല്ലാം കാണാനും കേള്‍ക്കാനും
മുകളില്‍ ഒരാളുണ്ട് '
എന്ന്.

Saturday 4 October 2008

ആണ്‍കോഴിയുടെ ആത്മഗതം

കാക്കയ്ക്കോ
പരുന്തിണോ
മനുഷ്യര്‍ക്കോ
കയ്യെത്താത്ത ഇടത്ത്
ഏതോ അപരജീവിയുടെ
മുട്ടകള്‍ക്ക് അടയിരുന്നു.

രണ്ടുനാള്‍
മൂന്നു നാള്‍
ദിനങ്ങളോളം
അരുമയോടെ
കാത്തുവെച്ചു അവയെ

ആവുന്നത്രയും ചൂടിനാല്‍
അടിവയര്‍ അവയെ ലാളിച്ചു.
ചിറകിനാല്‍ ചിത്രലിപികള്‍
എഴുതി
ചുണ്ടുകളാല്‍ തടവി

വിരിഞ്ഞതെയില്ല
അവ

ഇപ്പോള്‍ തണുത്തു
ഏറെ തണുത്ത്
മരവിച്ച മുട്ടകള്‍ക്ക് മേല്‍
അതേ ഇരിപ്പ്

പിറന്നേക്കുമോ
പിറന്നേക്കുമോ
എന്ന പ്രതീക്ഷ തരുന്ന
ഒരു ചൂടുണ്ട് ഉള്ളില്‍.
അതുമതി.