Sunday, 16 August 2009

കവിശിക്ഷ


ഗുരു ചോദിച്ചു.
ഇപ്പോള്‍ എന്താണ് കാണുന്നത്?
ഞാന്‍ പറഞ്ഞു
പക്ഷിയുടെ കഴുത്തു ഒഴികെ
എല്ലാം.

Friday, 7 August 2009

അതിഥികള്‍ വിസര്‍ജിക്കുമ്പോള്‍


രണ്ടു ദിവസങ്ങളിലായി
രണ്ടു കൂട്ടുകാര്‍ വന്നു.
ഒരുവന്‍ പട്ടുപോയ പ്രണയത്തിന്
ഒപ്പീസ് പാടി
രണ്ടാമന്‍ മതപ്രഭാഷണം നടത്തി .
ഒന്നാമന് ലഹരിപാനീയം കൊടുത്തു.
രണ്ടാമന് നാരങ്ങാനീരും.

ഹേ സുഹൃത്തുക്കളേ
ജീവിതത്തെ കുറിച്ചു
ഇത്രമാത്രം
ആത്മപ്പെടാന്‍ എന്തുണ്ടായി?
എന്ന ചോദ്യം
തൊണ്ടയില്‍ കുരുങ്ങി
ഞാനിരുന്നു.

രണ്ടുപേരും ലാട്രിനില്
വളരെ നേരം ഇരുന്നു
ശങ്ക തീര്‍ത്തു.

അതിഥികള്‍ വിസര്‍ജിക്കുമ്പോള്‍
മൂക്ക് പൊത്താമോ?

Wednesday, 5 August 2009

ഉടലുകള്‍ക്കുള്ളില്‍ സുരക്ഷിതര്‍ എത്ര?


ശരീരത്തെ വരയ്ക്കുക
അത്ര ലളിതമല്ല
ഉടലിന്‍റെ അതിര്‍ത്തികള്‍
ഒരു രേഖയിലും ഒതുങ്ങില്ല.

കാക്കയുടെതോ
കുരുവിയുടെതോ
ചലനത്താല്‍ വരയ്ക്കാം
പറന്നു പോകാതെ.

കുതിരയുടെത്
കുതിപ്പില്‍
ആമയുടേത്
ഏറ്റവും അടക്കത്തില്‍.

പാമ്പുകളെ
ഇഴച്ചിലില്‍
കുഴമറിയാതെ.

മനുഷ്യനെ വരയ്ക്കുമ്പോള്‍
വര വഴങ്ങുകയേ ഇല്ല.
ഒരതിര്‍ത്തിയിലും
കൈകള്‍ക്ക്
അതിന്‍റെ കരുത്തോ
കരുത്തില്ലായ്മയോ
കൊടുക്കാനാവില്ല.

കഴുത്തറ്റത്തു നിന്നും
തല
തെറിച്ചു പോകാതെ
വരച്ചു വെയ്ക്കുക
ശ്രമകരം.

കണ്ണ് മൂക്ക് ചെവി ചുണ്ട്
ഒരു ഇന്ദ്രിയത്തിലും
അതാതിന്‍റെ കര്‍മങ്ങള്‍
അടങ്ങി നില്‍ക്കില്ല.
നെഞ്ചിനെ
അരക്കെട്ടിനെ
ഒരു കട്ടി രേഖയിലും
തളച്ചിടുക അസാധ്യം.

വെള്ളപ്രതലം
എടുക്കുക.
അതിലുണ്ട്
പലതായ് പെരുകിയ
ഒരുടലിന്‍റെ ചിത്രം.

Monday, 3 August 2009

അപകടകരമായ ഉപമകള്‍
മൂവായിരം മെഗാ വാള്‍ട്ട്
കെ എസ്സ് ഇ ബി ലൈനിന്‍റെ
അടിയില്‍ ആണ് എന്‍റെ പുര.
മുറ്റത്തു ഇറങ്ങാറില്ല.
മേലോട്ട് നോക്കുമ്പോള്‍
പൊട്ടി വീഴുന്ന
വൈദ്യുതാഘാതത്തിന്റെ
ആനിമേഷന്‍.

ഇരുപത്തിയാറു നിലയുള്ള
പണിശാലയിലെത്താന്
ഉയര്‍ത്തു പേടകത്തില്‍ നില്‍ക്കവേ
ഞെട്ടറ്റു വീഴുന്ന പൂവിന്‍റെ ഉപമ.

മരങ്ങ്ളുടെ അറവുശാലയില്‍
ഇറച്ചിക്കടയില്‍
തീന്മേശയില്‍
മുറിവുകളുടെ ഉപമകള്‍
വാള്‍ത്തലപ്പിന്റെ ഈണം.

പാലം കടക്കുന്ന തീവണ്ടിയില്‍.
ജലവാഹനത്തില്‍
സംഭ്രമത്തിന്റെ
വഴുക്കുന്ന ഉപമകള്‍

ഉണ്ടും ഉടുത്തും
ഒരുക്കപ്പെട്ടു നിര്‍ത്തുന്ന ഉടലുകള്‍
എന്ന്
റോഡു മുറിച്ചു കടക്കവേ
കിട്ടിയ ഉപമ
എതിരെ വന്ന വണ്ടിക്കടിയില്‍
ചതഞ്ഞു
അരഞ്ഞു
അങ്ങനെ.

അവയവങ്ങളുടെ വീട്


ഉടലോടെ
നടക്കുക
എത്ര പ്രയാസം.

കണ്ണിനെ ചെവിയെ
മൂക്കിനെ ത്വക്കിനെ
ലിംഗത്തെ
അതാതിന്റെ കര്‍മ്മങ്ങളില്‍ വിട്ടു
ഒറ്റയ്ക്കൊരാളായി
നടക്കുക
എത്ര ക്ലേശം

ഉറങ്ങുമ്പോള്‍
അവയോരോന്നും
അതാതിന്റെ
പാര്‍പ്പിടങ്ങളിലേക്ക് പോകും.
പരസ്പരം
ഒരു സ്നേഹവായ്പ്പോ
നാളെ കാണാം
എന്ന പ്രതീക്ഷ പോലുമോ
നല്‍കാതെ.

ഇത്ര സഹകരണമില്ലത്തവയെ
ഒന്നിച്ചു നിര്‍ത്തി നയിക്കുക
എന്നെപ്പോലെ
കയ്യൂക്കോ കാര്യശേഷിയോ
ഇല്ലാത്ത
ഒരാള്‍ക്ക്‌ ആവതാണോ?

ഇനി വയ്യ.
ഉണരട്ടെ.
എന്നിട്ട് നോക്കാം.
സ്വന്തം നിലയ്ക്ക്
ജീവിക്കാന്‍ പഠിക്കാന്‍
അവയും ശീലിക്കട്ടെ.