കൈനോട്ടക്കാരന്റെ തത്ത
നല്ല കാലം കൊത്തിക്കൊണ്ടുവരും
ശുഭകാര്യം നടക്കാന്‍ പോകുന്നുവെന്ന്
ധനാഗമം വരുന്നെന്നു
കണ്ടകശനി തീര്‍ന്നെന്നു
ഈശ്വരന്മാരുടെ പടം നോക്കിപ്പറയും
പ്രവചിക്കപ്പെട്ട ഭാവിയിലാണ്
പിന്നീടമ്മ ചോറ് വിളമ്പുക
അനിയത്തി പുഷ്പകവിമാനത്തില്‍
പറന്നുവരിക
കുടിനിര്‍ത്തിയ അച്ഛന്‍
രാമായണം വായിച്ചുതുടങ്ങുക
കണിയാന്റെ
ദോഷപരിഹാരക്കുരിപ്പുകള്‍
ഭസ്മക്കൂട്ട്
നേര്ച്ചപ്പണം
ജപിച്ചുകെട്ടിയ ഏലസ്സ്
അമ്മയുടെ കോന്തല നിറയെ
പേടികളും കൂടോത്രവും
അമ്മയോടെ മണ്ണടിഞ്ഞ പുരാവൃത്തം
ഇപ്പോള്‍ ആരും മുഖലക്ഷണം പറയാറില്ല
കണ്ടവരുണ്ടോ
കൈനോട്ടക്കാരന്റെ കയ്യില്‍ നിന്നു
ദേശാടനത്തിനു ഇറങ്ങിയ
ആ തത്തയെ.