Monday, 8 November 2010

ശരീരസമേതം മറൈന്‍ഡ്രൈവില്‍ ഒരു ഞായറാഴ്ചയുടെ പിസ്സ കഴിച്ചിരിക്കുമ്പോള്‍

1) kill me with a kiss!

, ഒക്റ്റോവിയോ പാസ്സ്

വാക് വേയിലെ

ഒറ്റപ്പെട്ട തണലില്‍

അരനിമിഷത്തില്‍

എത്ര ഗോളങ്ങള്‍ കൂട്ടിയിടിച്ചെന്നറിയില്ല

ഉമ്മ കൊണ്ട് ലോകം മാറുമെന്നതറിയാതെ

കോര്‍പ്പറേഷന്റെ

ഇരുമ്പുകസേരയില്‍ മാംസളമാകുന്നു

എന്റെ അന്‍പത് കിലോ

പ്രണയരാഹിത്യം


കുറുകെച്ചാടിയ

ഒറ്റക്കണ്ണന്‍പട്ടിയോട്

നിന്റെ പേരെന്തെന്നു ചോദിക്കുന്ന

പെണ്‍കുട്ടിയെ പരിചയമുണ്ടല്ലോ അല്ലേ

എന്നെന്റെ കൂട്ടുപുരികങ്ങള്‍

ഒന്നിച്ചെഴുന്നുദാരമാകുന്നു


അവളിപ്പോള്‍ തുപ്പിയ

ചൂയിംഗത്തില്‍

ഏഴരക്കോടി

പുംബീജങ്ങളുണ്ടെന്ന്

കൌമാരപ്പെട്ട്

അവളെയുപേക്ഷിച്ച്

അസ്തമയസൂര്യന്റെ രതി

കണ്ടുമടങ്ങുന്നു


2) I'm lost. Pls keep me home with U!

110 കെ.വി ലൈനിന്റെ

പ്രണയദ്യുതി അറിയാതെ

മരണത്തിലേക്ക് ഇരട്ടിച്ച

പ്രാവുകളുടെ ജീവിതം പോലെ

ഒരുപമയുണ്ട്

മഴവില്‍പ്പാലത്തിലെ

ഒറ്റക്കാല്‍നില്‍പ്പിന്


പുറത്തേക്കു തുറിച്ച നോട്ടങ്ങള്‍ക്കിടയില്‍

അകത്തേക്കു തിരിച്ചുവെച്ച

ലെന്‍സോടുകൂടി ഒരുവന്‍

ഇങ്ങനെ

ഏകാന്തപ്പെടുക

പാലത്തിനു ചേര്‍ന്നതല്ല


ഉല്ലാസയാത്രികര്‍ക്കോ

തീര്‍ത്ഥാടകര്‍ക്കോ

കൂട്ടുപോകുന്ന ഡ്രൈവറുടെ

ഏകാന്തതയോളം വരില്ലല്ലോ

ഒറ്റയ്ക്ക് കടലുകാണുന്നതിന്റെ?

നാളത്തെ വിഭവമാകേണ്ട

പോത്തുകളുടെ

കൂട്ട ഏകാന്തതയോളം

വരില്ലല്ലോ

ഒറ്റയ്ക്ക് പിസ്സ കഴിക്കുന്നതിന്റെ?


കഴുത്തില്‍ തൂക്കിയ

കംഗാരുസഞ്ചിയില്‍

അമ്മേയെന്നു വിളിക്കാന്‍

തുടങ്ങിയിട്ടില്ലാത്ത കുഞ്ഞിന്റെ

എക്കിള്‍ക്കിതപ്പ് കേള്‍ക്കാത്തവളെ

എന്തായാലും

എന്റെ കുഞ്ഞിന്റെ അമ്മയാക്കില്ല


അവന്റെ അമ്മിഞ്ഞക്കരച്ചിലോളം

വരുമോ

എന്റെ പിഞ്ഞിയ

അടിവസ്ത്രത്തിന്റെ

ഏകതാനത?


3) Hi, diz is my new number.

Pls contact me in diz no.& delete my all other nos.

ഒറ്റ സിമ്മില്‍ ഒതുക്കാനാവില്ല

പരജീവിതത്തിന്റെ

പ്രണയക്കെടുതികള്‍

ഒറ്റവരിയില്‍ തീരില്ല

നിന്നെ മാത്രം നീ മാത്രം

എന്നു സ്വാര്‍ത്ഥപ്പെട്ട്

നാം പോറ്റിയ പാതിരാക്കുര്‍ബാനകള്‍


തട്ടുകടയിലെ

ബുള്‍സൈയുടെ മഞ്ഞക്കണ്ണ്

ഒറ്റ ഊത്തില്‍ ചാലിക്കുന്നതു പോലെ

രണ്ടായിരത്തിപ്പത്തു

ജനുവരി പതിനാറിനെ

ഉടച്ചുകളയാന്‍

ഒരൂത്ത് വായില്‍ വന്നു തികട്ടുന്നുണ്ട്


ഒക്റ്റോവിയോപാസല്ല

ഉടുമ്പുങ്കണാരന്‍ പറഞ്ഞാലും

സിം

ഇനി പരിധിക്കുള്ളിലില്ല


പ്രണയിച്ചുമരിച്ച

ര‍ണ്ടീച്ചകള്‍

ചായക്കോപ്പയിലെ കൊടുങ്കാറ്റിനെക്കുറിച്ച്

എഴുതുന്ന കവിതയില്‍

എനിക്കില്ല

തരിമ്പും തത്വമസി


4) Wanna fun now?

Riya: asl pls

me: 21m, 160 cm hight, 50 waight, 28 waist, whitish

with place now @ cochin

Riya: OK. Pls drop me :)

ട്രാഫിക്ജാമില്‍പ്പെട്ട്

അക്ഷമകള്‍ മരിക്കുന്ന

ചില നേരങ്ങളുണ്ട്

പ്രത്യേകിച്ചും

ഇങ്ങനെ

അടിയന്തരാവശ്യങ്ങള്‍

ജനിച്ചുകൊണ്ടേയിരിക്കുമ്പോള്‍


തുറമുഖത്തേക്കടുക്കുന്ന

പായക്കപ്പലിന്റെ ഉപമ

ഇപ്പോള്‍ നന്നായിച്ചേരും

മുറിവുകള്‍

പൂക്കളാകുന്ന കാലം വരുന്നുണ്ട്

ഉവ്വ്

വരുന്നുണ്ട്

...രു...ന്നു...ണ്ട്


ഒരുമ്മയും

മറ്റൊരു ലോകത്തെ

നിര്‍മ്മിക്കാത്ത

ശയനത്തില്‍

നീ

ഒരു ഐപ്പീലുകൊണ്ടെന്നെ

മയില്‍പ്പീ‍ലിയാക്കിയല്ലോ

അതുമതി


ഹാ വിജിഗീഷു

മൃത്യുവിന്നാവുമോ

രതിജീവിതത്തിന്‍

കൊടിപ്പടം താഴ്ത്താന്‍ ?

ഹാ വിജിഗീഷു

മൃത്യുവിന്നാവുമോ...

....................................................................

NB: ഉപശീര്‍ഷകങ്ങള്‍ക്ക് ടീ ഷര്‍ട്ടുകളോട് കടപ്പാട്

അന്ത്യവരിക്ക് വൈലോപ്പിള്ളിയോടും

Wednesday, 3 November 2010

വീട്ടുമരം

മറ്റെന്തും പോലെ

തെങ്ങുള്ള വീട്

ഒരുപമയേ അല്ലായിരുന്നു.


കോലായീന്റെ ഒത്ത നടുക്ക്

വിളഞ്ഞുനില്‍ക്കുന്ന

ഒറ്റത്തെങ്ങ്

ഞാലിപ്പൊരേന്റെ ഓല തുളച്ച്

വളര്‍ന്ന് വളര്‍ന്ന്

ആകാശത്ത് വട്ടപ്പന്തലായി.


തെങ്ങില്‍ച്ചാരിച്ചാരി

മൂത്തമ്മ മുറുക്കാനിരുന്നും

ശ്രീജയും ബീനയും

പേനെടുത്തും മംഗളം വായിച്ചും

ആരുറപ്പുള്ള തെങ്ങിനെ

വീടിന്റെ അവയവമാക്കി.


പയറ്റുകത്തുകളും

കുറിക്കണക്ക് കുറിച്ച കടലാസും

കൊടക്കമ്പീല്‍ക്കുത്തി

തെങ്ങില്‍ കൊളുത്തിയിടും അച്ഛന്‍

മുട്ടവിളക്കിന്റെ കരിയും

നൂറുതേച്ച പാടും

കുമ്മായം തേച്ച തൂണാക്കി മാറ്റും

തെങ്ങും തടിയെ.


ഗോയിന്നാട്ടന്‍ തെങ്ങുകാരുമ്പം

പൊരപ്പൊറത്ത് വീഴുമല്ലോന്ന് വിചാരിച്ച്

വെളയാത്ത തേങ്ങയും പറിച്ചിടും.

മൂത്തമ്മ മുക്കിയും മൂളിയും

അതിന്റെ അരിശം കാട്ടുമെങ്കിലും.


മടിയില്‍ തെങ്ങുള്ള വീട്

ഉപമയാകുന്നതിനും‍ മുന്‍പ്

ഒരു മകരത്തില്‍

അത് മുറിച്ചു.


തടി കീറുമ്പോള്‍ കണ്ടു

ആരുകള്‍ക്കിടയില്‍

കാണാതെപോയ വട്ടച്ചീര്‍പ്പ്

വാററ്റ ചെരിപ്പ്

മുടിപ്പിന്ന്

നഖംവെട്ടി

ഉറുപ്പികത്തുട്ടുകള്‍


ഞങ്ങളുടെ ചോറുതിന്നു വളര്‍ന്ന

ആ വീട്ടുമരം

ഇപ്പോള്‍

ആരുടെ മേല്‍ക്കൂര?
Sunday, 9 May 2010

കൈതേരി കല്ലു

മകരം മുതല്‍ ഇടവം വരെ

കല്ലുവിനു പ്രാന്താണ്.

എല്ലാ കൊല്ലവും കൈതേരി മാടത്തിലെ തിറയടുക്കുമ്പോള്‍

അവര്‍ അകത്തമ്മപ്പട്ടം ഉപേക്ഷിച്ച് തെരുവിലിറങ്ങും.

ആക്രികള്‍ പെറുക്കി മുറുക്കിത്തുപ്പി

ഒരു ഉപദ്രവവും ചെയ്യാത്ത ആളുകളുകളുടെ

അപ്പനു വിളിച്ച്

ആരാന്റെ പറമ്പിലെ ഇല്ലാത്ത മാങ്ങക്ക് കല്ലെറിഞ്ഞ്

കൂകിയാര്‍ത്തു കോമരം തുള്ളി

ദേശത്തെ കീഴ്മേല്‍ മറിച്ചിടും കല്ലു.


നട്ടുച്ചവെയിലില്‍ ഇറങ്ങി നിന്നു

സൂര്യനെ തുണിപൊക്കി കാണിക്കും.

ശേട്ടുക്കണാരേട്ടന്റെ ചായപ്പീടികയില്‍ കേറി

അനുസരണയോടെ ഇഷ്ടു* കുടിക്കും.

അപരഭാഷയില്‍ പാട്ടു പാടും.

ഛില്‍ ഛില്‍ ഛില്ലെന്നു കൊലുസിളക്കി കൊഞ്ഞനം കുത്തും.


പ്രാന്തില്ലാത്ത മാസങ്ങളിലെ കല്ലുവിനെ ആരുമറിയില്ല

കണ്ടാല്‍ തിരിച്ചറിയാത്തവിധം

മുണ്ടും നേര്യതുമിട്ട് ചന്ദനക്കുറിയായി നില്‍ക്കും

ശ്രീപാര്‍വതിയെപ്പോല്‍

മകരത്തില്‍ കുലംകുത്തിയൊഴുകിയ പുഴ

ഞാനേ അല്ല എന്ന മട്ടില്‍

പ്രാന്തുള്ളപ്പോഴുള്ള കല്ലുവിനെ പ്രാന്തില്ലാത്ത കല്ലുവും അറിയില്ല.


ഇപ്പോഴും കലിയിളകിപ്പോകുന്ന പെണ്‍കുട്ടികളെ

അമ്മമാര്‍ കല്ലുവിനോടു ഉപമിക്കും.

കരയുന്ന കുഞ്ഞുങ്ങളെ കല്ലുവിനു കൊടുക്കും എന്നു പേടിപ്പിക്കും

അവരറിയില്ലല്ലോ

ഇരട്ടജന്മത്തിന്റെ ആനുകൂല്യത്തില്‍ കല്ലു

ജീവിതത്തെ ആവിഷ്ക്കരിക്കുകയാണെന്ന്.

....................................................................................

*ഇഷ്ടു = മരച്ചീനി (കപ്പ) കൊണ്ടുള്ള ഒരു വിഭവം. കുറച്ചു വര്‍ഷം മുന്‍പു വരെ നാട്ടിലെ മിക്ക ചായക്കടകളിലും കിട്ടുമായിരുന്നു.

കുറിപ്പ്

1)എല്ലാവരാലും അവഗണിക്കപ്പെട്ട കോട്ടേമ്പ്രത്തെ പ്രാന്തത്തി കല്ലുവേടത്തിയുടെ ഓര്‍മ്മ.

2) വിഷ്ണുപ്രസാദിന്റെ കുളം+പ്രാന്തത്തി എന്ന കവിതയുടെ അപാരമായ മുഴക്കത്തോടുള്ള അസൂയ

3) കണ്ടിട്ടില്ല കണ്ണട വെച്ചു നീ വായിക്കുന്നതു / എങ്കിലും കണ്ണട വെച്ച നീ ഇല്ലാതിരിക്കുമോ എന്ന കുഴൂര്‍ വിത്സന്റെ വരികള്‍ ഓര്‍മിക്കുന്നു.

Friday, 9 April 2010

തീവണ്ടി ഒരു ഇന്‍സ്റ്റ്‌ലേഷന്‍ ആര്‍ട്ട് ആണ്

ഉടനീളം
ഒരു രാജ്യമാണ്
ഓരോ തീവണ്ടിയും.

ഇനിയത്തെ തവണ
തിരിച്ചു വരുമ്പോള്‍
അമ്മൂമ്മ ഉണ്ടാവുമോ എന്ന
ആശന്കയുടെ ഉമ്മയാവും
കൊച്ചുമോന്‍ ഇപ്പോള്‍ നല്‍കിയിരിക്കുക.

ഉടനെ തിരിച്ചെത്തുമെങ്കിലും
നൊടിനേരത്തെ അസാനിധ്യം പോലും
സങ്കടഭരിതം എന്ന അറിവാണല്ലോ
വധുവിനെ വീട്ടിലാക്കി വരുന്ന
ഈ പടാമ്പിക്കാരന്റെ മുഖത്ത് ...

പ്രതീക്ഷകളുടെ
ആശറ്റയവരുടെ
രോഗിയുടെ
അനാഥരുടെ
നിത്യ സഞ്ചാരികളുടെ ഈ വീട്
ദേശത്തെ ഇന്‍സ്റ്റ്‌ലേഷന്‍ ചെയ്യുന്നു.

കുഞ്ഞിനു തോട്ടില്‍ കെട്ടിയും
പാത്രം മോറിയും
തറ തുടച്ചും
വണ്ടിയെ വീടാക്കും
ചില നാടോടികള്‍.

കാലിക്ക് തീറ്റ കൊടുത്തോ എന്നും
മീന്‍കാരന്റെ പറ്റു തീര്‍ത്തോ എന്നും
മൊബൈലില്‍ പലവട്ടം ക്ഷേമമന്വേഷിക്കുന്നു
കേള്‍വിക്കുറവുള്ള അമ്മാവന്‍.

കൊച്ചിയിലെക്കോ ബാന്ഗ്ലൂരിലെക്കോ
തിടുക്കപ്പെട്ടു പോകുന്ന
ലാപ്ടോപ്പുകാര്‍
ഇടയ്ക്കൊന്നു പുരികമുയര്‍ത്തി നോക്കും
അമ്മാവനെ.
വേഗതെയെ ഒട്ടും ഗൌനിക്കാത്ത
അയാളുടെ കുത്തിയിരിപ്പിനെ.

അന്നത്തിനു എന്ന ആന്ഗ്യം കാട്ടി
കൈ നീട്ടുന്ന കുട്ടിയും
ഫര്‍ദേശീ ഫര്‍ദേശീ
ജാന നഹീ എന്നലറി
കാശ് ചോദിക്കുന്ന അണ്ണനും
ഒറ്റ നോട്ടത്താല്‍ ദഹിപ്പിച്ചു കളയും
കാറല്‍ മാര്‍ക്സിന്റെ തിയറിയെ.

നയാ പൈസ കൊടുക്കരുത്
ഇവന്മാര്‍ ഞോണ്ടാനമാരോന്നുമല്ല
തട്ടിപ്പാ ചേട്ടാ
എന്നൊക്കെ പറഞ്ഞാലും
എനിക്കിഷ്ടായി
ആ അഭിനയം പോലും.
തീവണ്ടിയെ രാഷ്ട്രമാക്കുന്ന
ഈ ഇന്‍സ്റ്റ്‌ലേഷനില്‍
അവന്റെ മുടന്തും പ്രധാനം തന്നെ.

അനേകം ദിശകളുള്ള ഉടലുകളുമായി
ഒറ്റ ദിശയിലേക്കു പായുന്ന
ഇരുമ്പുപേടകമേ
ലോകത്തെ അപ്പാടെ നഗന്മാക്കിത്തരുന്ന
വിചിത്ര ദേശമേ...
ഏതു ഇന്ധനത്താല്‍
ലയിപ്പിക്കുന്നു നീ
ഈ മനുഷ്യലായനി?

വിട്ടുപോന്നാലും ഉള്ളില്‍ ഓടുന്നുവല്ലോ
നിന്റെ ഇരമ്പം.
അത്രമേല്‍ പ്രിയമായതെന്തോ
തിരഞ്ഞു പോകുന്നതിന്റെ
ഏകാന്തത
എല്ലാ നഗരങ്ങളെയും നാട്ടുപാതകളെയും
കാല്പ്പനികമാക്കുന്നു.

മിന്നലിന്റെ ഒരു ചീള്
ആകാശത്തെ വൈദ്യുതീകരിക്കും പോലെ.