എപ്പോഴും മറന്നു വെച്ചുപോകും
കണാരേട്ടന് അയാളെത്തന്നെ.
ആള്‍ത്തിരക്കുള്ള അങ്ങാടിയിലോ
പീടികക്കോലായിലോ
ആരും വരാനില്ലാത്ത വീട്ടിലോ.
വച്ച് മറന്ന കുടയുടേത് പോലെയല്ല
തിരിച്ചെടുക്കാന്‍ ആരുമെത്തില്ല.
ആ പയ്യിനെ ഒന്ന് മാറ്റിക്കെട്ട്
പുല്ലൊന്നു കുടഞ്ഞിടൂ
എന്നും മറ്റും ഇരുന്ന ഇരിപ്പിലെ
വേരിളക്കാന്‍ നോക്കും ചിരുതേടത്തി.
കണാരേട്ടന് പക്ഷെ,
അരണയുടെ ഓര്‍മയാണ്.
ചുമരിലെ ഉറുമ്പുകള്‍ വെട്ടിയ വഴിയില്‍
മഴ കൊണ്ട് മരിച്ച പാറ്റയുടെ
ശവത്തിനു കാവലിരിക്കുകയാവും അയാള്‍.
സമയത്തെ കുറിച്ച് നല്ല തിട്ടമുള്ളതാകയാല്‍
ഉറുമ്പുകള്‍ അയാളെ ഗൌനിക്കുകയേ ഇല്ല.
സമയത്തേക്കാള്‍ വയസ്സ് മൂപ്പുള്ളതുകൊണ്ട്
കണാരേട്ടനു ധൃതിയില്ല ഒന്നിനും.
മടക്കിവെച്ച കാല്‍
നി വ ര്‍ ത്തു ന്ന ത്
മൂ രി നി വ രു ന്നത്
പു റം ചൊ റി യു ന്ന ത്
സാവധാനത്തില്‍ അല്ലാതെ
മറ്റൊരു ഭാഷയും വഴങ്ങില്ല.
ഒച്ചകള്‍ കൊണ്ട് പണിത
വീടായിരുന്നു ഇതെന്നു
പച്ചിലക്കിളികളും മൈനകളും കാക്കകളും
ഒരേ സ്വരത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
കാണാതാവുന്ന സൂചിക്കും പിന്നിനും
ചീര്‍പ്പിനും ചെരിപ്പുകള്‍ക്കും ഒപ്പം
കളഞ്ഞു പോയേക്കും ഇപ്പോഴും
അയാള്‍ക്ക് അയാളെ.
മണ്ണിലേക്ക് മുഖമമര്‍ത്തി
ഉറങ്ങുകയാണ് വീട്
ഒച്ചയുണ്ടാക്കാതെ വെയില്‍
വരാന്തയോളം വന്നു മടങ്ങിപ്പോകുന്നു.
മറ്റൊന്നും ചെയ്യാനില്ലാതെ
മൂക്കിന്‍ തുമ്പത്തു പറന്നിരിക്കുന്ന
മടിയന്‍ ഈച്ചയെ ആട്ടാന്‍
കണാരേട്ടന്റെ കൈ
പുറപ്പെട്ടു കഴിഞ്ഞു.
3 comments:
ഒരു വല്ലാത്ത നഷ്ടബോധം തോന്നുന്നു.
ഇഷ്ടായി..
ഒന്നും ഇല്ലാത്തിടത്ത് എന്തോ ഉള്ളത് പോലെ.
ചിരുതേടത്തിയെയും കണാരേട്ടനെയും,ഉപരി അരണയെയും ഉറുമ്പിനെയും പാറ്റയേയും
പയ്യിനെയും മൂരിയും പച്ചിലക്കിളികളും മൈനകളും കാക്കകളും place ചെയ്തിരിക്കുന്നത്
നന്നായിട്ടുണ്ട്
elippathayathile kunjettane pole kanarettanum
Post a Comment