വേട്ടക്കാരനോ വേലുത്തമ്പിദളവയോ ആരുമാകട്ടെ
വാളെടുത്തെങ്കില്‍ കേസി അരങ്ങിന്റെ അധിപന്‍.
വെള്ളക്കാരന്റെ നേരെ ചങ്കുംവിരിച്ചു
വരിനെടാ എന്നലറുന്ന നാട്ടുരാജാവിന്റെ ശൌര്യം.
അങ്കക്കലി മൂത്ത വടക്കന്‍കഥയിലെ പടനായകന്‍.
പതിനെട്ടടവും പയറ്റിത്തെളിഞ്ഞ വീരപുരുഷന്‍.
അതാ നോക്കൂ...
അയല്‍രാജ്യത്തിന്റെ പടയാളികള്‍
കൂട്ടത്തോടെ നായകനെ ലക്ഷ്യം വെച്ചുവരുന്നു.
അരയും തലയും മുറുക്കി ശ്രീമാന്‍ കേസി
ആയിരം പടയാളികള്‍ക്ക് നേരെ
ഒറ്റക്കുതിപ്പ്!
പ് ടും!
യുദ്ധക്കളം കിടക്കപ്പായ ആയിരുന്നു.
പടയാളികള്‍ മൂട്ടകളും.
ഒമ്പതേകാലിന്റെ സൈറണ്‍
കൂകിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.
കുടിച്ച ലഹരി കെട്ടും പോയിരുന്നു.
രംഗം രണ്ട്:
വൈരുദ്ധ്യാത്മക സ്വപ്നത്തിന്റെ തുടരന്‍ രംഗങ്ങളില്‍
കെ.സി. തൂണേരിയുടെ പകലിരവുകള്‍.
കഞ്ഞിക്കരിയിടാന്‍ ഇന്നെന്തു വഴി
എന്ന് കേസിയുടെ സ്വപത്നി
ശാരദേടത്തിയുടെ വേവുന്ന ചിന്തകള്‍.
'ചായിന്റെ കുരിപ്പേ ഇന്ന കുയിച്ചിട്ടോട്ടെ'
എന്ന സ്ഥിരം പ്രാക്കില്‍ തുടങ്ങുന്നു
അവരുടെ പ്രഭാതകൃത്യങ്ങള്‍.
മുറ്റത്തെ നിഴല്‍ അടിച്ചുവാരുകയും
കടച്ചിപ്പയ്യിനെ മാറ്റിക്കെട്ടുകയും
ബ ബ ബാ എന്ന് കോഴിക്ക് തിന കൊടുക്കുകയും
ചെയ്യുമ്പോള്‍
അടുക്കളയില്‍ പുകയില്ലാത്ത
ഏകവീടായിരിക്കുമത്.
ഉച്ചയോടടുക്കുമ്പോള്‍ വടക്കേച്ചേതിയില്‍
താടിക്ക് കയ്യും കൊടുത്തിരിക്കും അവര്‍
പഴയ മുറം പോലെ.
അരവയറാണെങ്കിലും അനുനിമിഷം
നടനല്ലാതായി ജീവിക്കാന്‍ കേസിക്ക് ആവതില്ല.
എണ്‍പത്തിരണ്ടിലെ നാടകവണ്ടി
കേസിയുടെ രക്തത്തില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു.
ശാരദേ... എന്ന നീളന്‍വിളിയില്‍
ഒരു ഹാര്‍മോണിയം അതിന്റെ സകലഞെട്ടിലും വിരലോടിക്കുന്നു.
മീന്‍കറിയുടെ എരിവില്ലായ്മയില്‍ നിന്ന് തുടങ്ങി
ശാരദേടത്തിയുടെ ജീനുവരെ കുറ്റമാരോപിക്കുന്ന
വലിയ ശകാരങ്ങള്‍ക്ക്
ഘടോല്‍ക്കചന്റെയോ രാവണന്റെയോ ഒച്ചകളുടെ
സൌണ്ട് ട്രാക്ക് മാറിയിടുന്നു.
മുറിബീഡി പോലുമില്ലാത്ത ശൂന്യതക്ക്
താഴ്ന്ന സ്ഥായിയില്‍ 'പിറവി'യിലെ അപ്പച്ചനാവുന്നു.
പള്ളയില്‍ തീ കത്തുമ്പോള്‍ ബഹദൂറിന്റെ,
തീ ശമിക്കുമ്പോള്‍ അടൂര്‍ ഭാസിയുടേത്.
ചായക്കടയില്‍, റേഷന്‍ കടയില്‍
കവലയില്‍, കല്യാണപ്പുരയില്‍
വേറെ വേറെ റോളുകളുണ്ട്.
രംഗം മൂന്നു:
ഹൈവേക്ക് പുരയിടം വിട്ടുകൊടുത്ത അന്ന്
ശാരദേടത്തി ഫ്രെയിമിലില്ല.
ഊര് തെണ്ടാനിറങ്ങിയ മക്കളും ഫ്രെയിമിലില്ല.
ഉള്ളത് കലാനിലയം കെ.സി. തൂണേരി
എന്ന ഒറ്റത്തടി
ഒരു ഇരുമ്പുപെട്ടി
പെട്ടിയില്‍ നാലായി മടക്കിയ നാടകനോട്ടീസില്‍നോക്കി
കേസി അന്നാദ്യമായി (സ്വന്തം ചെലവില്‍) വ്യഥപൂണ്ടു,
നാടകക്കാരന്റെ ചോറ്
നാടകക്കാരന്റെ ചോറ്
-NB: കഥാപാത്രങ്ങളും പങ്കെടുത്തവരും യാദൃശ്ചികമല്ല. ജീവിച്ചിരിക്കുന്നവരുമായി നേരിട്ടും അല്ലാതെയും ബന്ധമുണ്ട്. അവര്‍ കേസിന് വരരുതെന്നപേക്ഷ.
1 comment:
കെ സിയുടെ ജീവിതം ഇഷ്ട്ടപ്പെട്ടു.. പക്ഷെ കവിതയുടെ അവതരണം കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നൊരഭിപ്രായം ഉണ്ട്..
Post a Comment