Thursday, 15 January 2009

ഉടല്‍വിനിമയങ്ങള്‍ (വാര്‍ത്താധിഷ്ടിതം)

വിരലിലൂടെ ഒരു വൈദ്യുതി കടന്നു വന്നു.
സ്വിറ്റ്സര്‍ലാണ്ടില്‍ ജെ എന്‍ സ്ട്രീറ്റില്‍
കാതറിന്‍ ഉടല്‍ മാത്രമായി നിന്നു.
മുംബെയിലെ ഹോട്ടല്‍ ടൌന്‍ വ്യൂവില്‍ നിന്നും
കൊച്ചിയില്‍ പാലാരിവട്ടത്തുനിന്നും
രണ്ടു ഉദ്ധൃത ലിംഗങ്ങള്‍ പരസ്പരം ഉഷ്ണം പകുത്തു.

കാഞ്ഞങ്ങാട്ട്, കാച്ചെണ്ണ മണക്കുന്ന സുനന്ദയുടെ
മുടിയിഴകളില്‍ വിരലോടിച്ചു
വടക്കന്ചെരിയിലെ ഗേള്‍സ് ഹോസ്റ്റലില്‍
പ്രീത സെന്‍ വികാരനിര്‍ഭരയായി.

വിധേയപ്പെടാന്‍ കൊതിക്കുന്ന
അരക്കെട്ടുമായി ഷൈമി എന്ന ഷൈന്‍
അടിവസ്ത്രത്തില്‍ എല്‍ ഒറിയാല്‍ പാരീസിന്റെ
അത്തര് പൂശി, വലത്തേ ചെവിയില്‍ കമ്മലിട്ടു.

ചുരത്താന്‍ കൊതിക്കുന്ന മാറിടത്തില്‍
ദേവപ്രഭ സിസ്റ്റര്‍ സെരിന്റെ പേരെഴുതിക്കൊണ്ടിരുന്നു.
സെറിന്‍ ഉത്തമ ഗീതത്തില്‍
ദേവപ്രഭയെ സങ്കല്പിച്ചു കിടന്നു.

നാഗമ്പടത്ത് ഗ്രിഗരിയച്ചന്‍(61)
വെള്ളത്തൂവലിലെ ആന്മേരിയുടെ (16)
അടിപ്പാവാടയില്‍ മുഖമമര്‍ത്തി കേണു.
കോലഞ്ചേരിയില്‍ കുഞ്ഞാടുകള്‍
കൂട്ടത്തോടെ കരഞ്ഞു വിളിച്ചു പാഞ്ഞു.

സുഭാഷ് പാര്‍ക്കിലും മാനാംചിരയിലും
പയ്യാമ്പലത്തും
അപരിചിത യാത്രക്കാര്‍ക്ക് വഴി തെറ്റി.
മലബാര്‍ എക്സ്പ്രസ്സ് കൊരപ്പുഴപാലം കടക്കുമ്പോള്‍
വടക്കോട്ട്‌ പോകുന്ന അമരേശന്റെ തുടയിടുക്കില്‍
വിഷപ്പാമ്പ് കൊത്തുന്നു.

അനന്തകോടി ബീജങ്ങള്‍
നിമിഷത്തിന്റെ ഓരോ പെരുക്കത്തിലും
"ഹാ ജീവിതമേ" എന്ന് ആര്‍ത്തു രസിക്കുമ്പോള്‍
ഭൂമിയ്ക്ക് മുറിയാതെ ഈ തോട്ടുവക്കത്ത്
പുല്ലരിയുന്ന പെണ്ണേ,
ഒന്നു തോളേല്‍ കയ്യിട്ടതിനു
നീയെന്തിനിത്ര കരഞ്ഞു കരഞ്ഞു തീരണം?

Friday, 9 January 2009

Wednesday, 24 December 2008

ബാധ

നഗരങ്ങളിലൂടെയും
നാട്ടുപാതകളിലൂടെയും
ഒറ്റയ്ക്ക് നടന്നു.

മരിയ്ക്കട്ടെ എന്ന് കരുതി
വാഹനങ്ങള്‍ നോക്കാതെ
ടാറിട്ട റോഡുകള്‍ മുറിച്ചുകടന്നു.

ആകാശത്തിലേക്ക് പോകുന്ന
മരത്തിന്റെ ചില്ലയില്‍
ഭൂഗുരുത്വം മറന്നു കിടന്നു.

തീയില്‍ കുളിച്ചു.
ഹിമക്കട്ടയില്‍ പുതഞ്ഞു കിടന്നു.

ഉടല് പൊള്ളുകയും
ശൈത്ത്യത്താല്‍ വിറയ്ക്കുകയും
അപകടപ്പെടാതെ മുറിച്ചുകടക്കപ്പെടുകയും
അറിയാതെ പോലും മരത്തിന്റെ ചില്ല പൊട്ടാതെയും
ഭദ്രമായിത്തന്നെ ഓരോ തവണയും
തിരിച്ചെത്തുന്നു.

മുറിയില്‍ ചെന്നു
മുഴുനീള കണ്ണാടിയില്‍
സൂക്ഷിച്ചു നോക്കി.

ഇല്ല.
നീ പോയിട്ടില്ല.
മുഴുവനായും
ഉടലിലും ഉള്ളിലും.