Saturday, 27 March 2010

കക്കയം ഒരു ക്യാമ്പിന്റെ പേരല്ല!


കക്കയത്ത് പോയിട്ടുണ്ടോ?

കാലം ഉടലോടെ പാര്‍ക്കുന്ന

തടാകക്കരയില്‍?

പിടിതരാത്ത ഒരുത്തരത്തിന്റെ

ശ്മശാനത്തില്‍?


ബൂട്ടുകളുടെ ഒച്ച

ലാത്തി വീശുന്ന കാറ്റ്

കാക്കിയുടുപ്പിന്റെ പട

ഒന്നും പ്രതീക്ഷിക്കരുതവിടെ.


കാണാതാവുന്നതൊന്നും

തിരിച്ചു കിട്ടാത്ത

കയം കാണാം.

അതിന്റെ അപാരമായ ശാന്തത.


കണ്ണ് കൊണ്ട് അളന്നാല്‍

കക്കയം

ഒരു ക്യാമ്പിന്റെ പേരല്ല.

ഓര്മ കൊണ്ട് അളന്നാല്‍

കാണാത്ത കയവും.


ഇവിടെ നിന്ന്

ഓര്‍മകളിലേക്ക്

ഒരു തുരങ്കമുണ്ട്.

വേട്ടയ്ക്ക് വന്നവരെ

ഉറക്കിക്കിടത്തിയ കാടുണ്ട്‌.


അതിലെ പോയാല്‍

മഴ കൊള്ളുന്ന കുട്ടിയാവാം.

'മരിച്ചാലും മഴയത്ത്

നില്‍ക്കുന്ന കുട്ടി'


മതി

ആ ഒരൊറ്റ സ്നാപ്പ് മതി

കക്കയത്തിന്റെ ആല്‍ബത്തില്‍.

അതിലുണ്ട് പെയ്തു തീരാത്ത മഴ!

വീടെത്താത്ത കുട്ടികളുടെ

നടുക്കുന്ന ഉപമകള്‍

................................................


സമര്‍പ്പണം:' മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്‍റെ കുട്ടിയെ മഴയത്ത് നിര്‍ത്തിയിരിക്കുന്നത്' എന്ന നൂറ്റാണ്ടിന്റെ 'കവിത' എഴുതിയ ഈച്ചരവാര്യര്‍ക്ക്. അനേകം രാജന്മാരുടെ അച്ഛന്

അനുഭവം: കല്‍പ്പറ്റ നാരായണന്‍, വീരാന്‍കുട്ടി, ഗഫൂര്‍ കരുവണ്ണൂര്‍, ഷാഫി എന്നിവരോടൊപ്പം ഒരു മഴക്കാലത്ത് കക്കയം കാണാന്‍ പോയ ഓര്മ.

Friday, 19 March 2010

ജലജീവി

കായപ്പനിച്ചിപ്പുഴയുടെ
ആഴങ്ങളില്‍
നാണിയേടത്തിക്ക്
വിലാസമുണ്ട്‌.
ആണുങ്ങള്‍ മാത്രം
പൂഴി കോരുന്ന കടവില്‍
അവര്‍ ജീവിതത്തെ
നീന്തിയെടുത്തു.

അവരുടെ കൈത്തണ്ടയില്‍
മീനുകള്‍ വരച്ച ചിത്രം കാണാം.
ഉറച്ച ഉടലില്‍
ആരുറപ്പുള്ള മരം കാണാം.
പുഴയുടെ അടിവയറ്റിലേക്ക്
മുങ്ങാംകുഴിയിടുമ്പോള്‍
നാണിയേടത്തി
ഒരു ജലജീവി.

എച്ചിലുകളും
ഉപേക്ഷിക്കപ്പെട്ട പ്രണയങ്ങളും
ചിലപ്പോള്‍ പുഴയിലൂടെ ഒലിച്ചു വരും.
ഉപേക്ഷ കൂടാതെ അവയെ
കരയ്ക്കടുപ്പിക്കും അവര്‍.

അഴിമുഖത്തേക്ക്
ആര്‍ത്തലച്ചു പോകുന്ന ഓളങ്ങള്‍
അവരുടെ ഉടലിനാല്‍ ലാളിക്കപ്പെടും.
കര കവിയുന്ന കര്‍ക്കിടകത്തിലും
നാണിയേടത്തി
പുഴയ്ക്കു കാവലാകും.

ഇന്നലെ
ഇല്ലാത്ത പുഴയുടെ കരയില്‍ വെച്ച്
അവരെ കണ്ടു.
കാടാറുമാസം കഴിഞ്ഞിട്ടും
കന്യകയായി തുടരുന്ന
പുഴജന്മം.

അവരുടെ ഉടലില്‍
പുഴ വരച്ച പാടുകള്‍.
കടലിലേക്ക്‌ എത്താതെ പോയ
ഒരു തിരയുടെ കോറിവരപ്പുകള്‍.

Friday, 5 March 2010

അപരം

ഒരു കൂറും ഉണ്ടായിരുന്നില്ല
ജീവിതത്തോട്.

അടുത്തവരെല്ലാം അകന്നു.
പരിചയക്കാരെല്ലാം
അപരിചിതരായി.
ചിരി മാഞ്ഞ്
മുഖം മാഞ്ഞ്
കാഴ്ച മങ്ങി
കണ്ടാലറിയാതായി.

അകല്‍ച്ചകള്‍ അടുക്കിവെച്ച്
ഒരു വീട് പണിതു.
ഒറ്റ മുറി വീട്.

ഈയിടെ
വെളിച്ചം കെട്ട
ഒരു രാത്രിയില്‍
ഉറക്കം പ്രതീക്ഷിച്ചിരിക്കെ
ഒരാള്‍ വാതിലില്‍ മുട്ടുന്നു.

കതകു തുറന്നു നോക്കി.
എന്റെ അതേ ഛായ
അതേ വിരക്തി
അതേ വിഭക്തി
അതേ വിപര്യയം

ഒന്നും ഉരിയാടിയില്ല.
കൂടെ കിടത്തി.
വെളുക്കുമ്പോള്‍
ഭിന്നിക്കാം.