Monday, 23 June 2014

റൂം ഫോര്‍ റെന്റ്

മാസത്തില്‍ ഒന്നോ രണ്ടോ തവണ
നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍
മുറിയെടുത്തു പാര്‍ക്കും അബ്ദു.
ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ
അത്യാവശ്യമായി ആരെയെങ്കിലും കാണേണ്ടതുകൊണ്ടോ
മദ്യപാനത്തിനോ ഉടന്‍രതിക്കോ അല്ലാതെ.
കഴിഞ്ഞ തവണ വന്നപ്പോള്‍
അയല്‍ക്കാരന്‍ ഫിറോസ് കൊടുത്ത
മുന്തിയതും, എന്നാല്‍ മൂക്കു തുളച്ചുകയറാത്തതുമായ
ഒരിനം സ്‌പ്രേ അപ്പോള്‍ പൂശും.
അത്ര ആര്‍ഭാടമില്ലാത്ത
വൃത്തിയുള്ള പാന്റും കുപ്പായവും ഷൂസും ധരിക്കും.
പര്‍പ്പസ് ഫോര്‍ വിസിറ്റ് എന്ന കോളത്തില്‍
ബിസിനസ്സ് ആവശ്യം എന്ന്
വടിവൊത്ത് എഴുതും.

മുറിയടച്ച് ധ്യാനനിരതനായിരിക്കുന്ന അബ്ദുവിന്
ഓരോ മണിക്കൂറിലും എന്തെങ്കിലും വേണോ സര്‍
എന്ന് റൂം ബോയ് വാതില്‍ക്കല്‍ നില്‍ക്കും.
ഒരു ബോട്ടില്‍ വെള്ളം, ഒരു കോഫീ, കൂള്‍ ഡ്രിങ്ക്‌സ് എന്തെങ്കിലും
എന്നൊക്കെ അപ്പോഴെല്ലാം അയാള്‍ ഓര്‍ഡര്‍ കൊടുക്കും.
ചെക്ക് ഔട്ട് ചെയ്യാനുള്ള പരമാവധി സമയത്തിന്റെ
മുനമ്പിലേക്ക് ശ്വാസമെടുക്കുമ്പോള്‍
ദിവസത്തില്‍ അനുവദിക്കപ്പട്ട പരമാവധി സമയം
ഇരുപത്തിനാലു മണിക്കൂറും
വളരെ പ്രധാനപ്പെട്ടതായി തോന്നും ആ ദിവസങ്ങളില്‍.

വലിയ ആലോചനകളുടെ ഭാരം
വാടകപ്പാര്‍പ്പിനിടയില്‍ വരാതിരിക്കാന്‍ അബ്ദു ശ്രമിക്കും.
അതിനായി അയാള്‍ കണ്ടുപിടിച്ച ഒരു മാര്‍ഗം
ഉറക്കം വരാത്തവര്‍ക്ക് ഡോക്ടര്‍ നിര്‍ദേശിക്കാറുള്ള
നൂറുവരെയുള്ള എണ്ണമോ
ഗുണകോഷ്ടം ചൊല്ലലോ ഒക്കെ ആവും.
പക്ഷേ മുപ്പതുവരെയൊക്കെ
അക്കങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിയുള്ള എണ്ണലിനെ
പതുക്കെ മറ്റ് ആലോചനകളുടെ
ചുറ്റുവള്ളികള്‍ വന്ന് വരിയും.
അതിനാല്‍
അപ്പോള്‍ താമസിക്കുന്ന നഗരത്തെ കുറിച്ചു തന്നെ
ആലോചിക്കുകയാണ് മറ്റൊരു മാര്‍ഗം.
ഉദാഹരണത്തിന് കോഴിക്കോടാണെങ്കില്‍
കോഴിക്കോടില്‍ എങ്ങനെ കോഴി വന്നു എന്നും
അതിനെ സംബന്ധിക്കുന്ന വിശ്വാസയോഗ്യമായ
കഥ മെനയലും ആയിരിക്കും.
ഏറണാകുളത്താണെങ്കില്‍ എന്തുകൊണ്ട് കുളം?
എന്തുകൊണ്ട് കരയായില്ല എന്നും മറ്റും ചിന്ത പോകും.

ഒട്ടും നഷ്ടമല്ല,
അവനവനെ തന്നെ കേള്‍ക്കുന്നതിന്റെ
അധികലാഭമാണിത്
എന്ന് മനസ്സിലുറപ്പിച്ച്
ഓരോ തവണയും മുറിവാടക കൊടുക്കുമ്പോള്‍
അതുവരെ റദ്ദായിപ്പോയ ജീവിതം
തുടര്‍ നടപടികള്‍ക്ക് വിധേയമാവുന്നു
എന്നതു പോലെ സന്തോഷിക്കും.

കയ്യിലുള്ള പണം തീര്‍ന്ന്
വീട്ടില്‍ തിരിച്ചെത്തുമ്പോള്‍
വിശപ്പ് അയാള്‍ക്കുള്ളില്‍ അമറിത്തുടങ്ങും.
ഇബ്ട ഒന്നുമില്ലേ തിന്നാന്‍?
എന്ന് ആക്രോശിച്ചുകൊണ്ട്
അടുക്കളയിലേക്ക് ഓടിക്കയറും.
എല്ലാ പാത്രങ്ങളും തുറന്നുനോക്കി
ഒന്നുമില്ലായ്മയുടെ കനം കണ്ട് അന്തിച്ചിരിക്കുമ്പോള്‍
കലത്തില്‍ തലേദിവസത്തെ ചോറുണ്ട്
എന്ന അറിവ് അയാളെ ആഹ്ലാദിപ്പിക്കും.
പച്ചമുളക് ഞെരടി
അത് വാരിത്തിന്നും.

അന്നേരം ഓരോ വറ്റിനും
മുന്‍പില്ലാത്ത രുചി അയാളറിയും.
മുറിയുടെ മൂലയില്‍ നിന്ന്
ചുരുട്ടിവെച്ച പായ
തറയില്‍ വിരിച്ച്
റ പോലെ കിടക്കും.
അപ്പോള്‍
എന്തെങ്കിലും വേണോ സര്‍
എന്ന് കൂടെക്കൂടെ
ചോദിക്കും
ഒരു പാവം ദൈവം;
റൂം ബോയിയുടെ ശബ്ദത്തില്‍.

Sunday, 3 June 2012

അനാശാസ്യത്തിന്റെ ഛായ


അനാശാസ്യക്കാരന്‍ എന്ന നിലയില്‍ 
എത്രയും ക്ഷമയുള്ളവനായിരിക്കേണ്ടതാണ്.
ഇതാ പിടിച്ചോ എന്ന് ഇര 
മൂക്കിന്‍ തുമ്പത്ത് തത്തിക്കളിച്ചാലും
തിടുക്കമരുത്.
പാര്‍ക്കില്‍ കളിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ 
അവളുടെ പൊട്ടിച്ചിരികള്‍ 
ഇടമുറിയാതെ തുടരാന്‍ അനുവദിക്കണം.
ജോലി കഴിഞ്ഞിറങ്ങുന്ന സെയില്‍സ് ഗേളിനെ 
അവള്‍ അതുവരെ പിടിച്ചുവെച്ച ദിവാസ്വപ്നങ്ങളിലേക്ക് 
ടിക്കറ്റെടുക്കാന്‍ ക്ഷമയോടെ കാത്തുനില്‍ക്കണം. 
ബാങ്കില്‍ നിന്നിറങ്ങുന്നവന്റെ മനക്കണക്കുകള്‍ തെറ്റിക്കാതെ 
പൂവിറുക്കും പോലെ വേണം കീശയിറുക്കാന്‍.

നിറയെ  ഇരകളുള്ള ഈ പാര്‍ക്കില്‍ 
നേരം പുലര്‍ന്ന്‍ ഒരീച്ചയെപ്പോലും നോവിക്കാതെ 
ഇരിക്കുന്ന ഈ  ഇരിപ്പില്‍ 
എന്റെ അനാശാസ്യത്തിന് ശ്വാസം മുട്ടുന്നു.
കണ്ണിനകത്ത് അടങ്ങിയിരിക്കാത്ത കൃഷ്ണമണികള്‍
വെരുകിനെപ്പോലെ ഇപ്പോള്‍ പുറത്ത് ചാടും.
എതിരെവരുന്ന ഒരുവളെ 
ഉടലോടെ പൊക്കിയെടുത്ത് 
പൊന്തക്കാട്ടിലിട്ട് ആര്‍ത്തിയോടെ... അങ്ങനെ.
അല്ലെങ്കില്‍  കോലൈസ് നുണയുന്ന ഈ കൊച്ചിനെ 
തൂക്കിയെടുത്ത് അതിന്റെ വായിലോട്ട് 
അനാശാസ്യത്തിന്റെ  മുന 
കുത്തിയും ഇറക്കിയും 
ഇറക്കിയും കുത്തിയും...
അതുമല്ലെങ്കില്‍  
വീട്ടിലേക്ക് മടങ്ങുന്ന നാലാം ക്ലാസുകാരിയെ.
ബസ്സ്‌ കാത്തിനില്‍ക്കുന്ന ടീച്ചറെ.
അന്യദേശക്കാരനായ ആ കപ്പലണ്ടിപ്പയ്യനെ.

നല്ല ക്ഷമ വേണ്ടതാണ് 
വിസര്‍ജനാവയവങ്ങള്‍ കൊണ്ടുള്ള കല പഠിപ്പിക്കാന്‍.
പക്ഷേ ഈ കാത്തുകെട്ടി നില്‍പ്പ് !
ഹോ... മയിരുകാറ്റും കൊണ്ടുള്ള ഈ ഇരിപ്പുണ്ടല്ലോ 
അടിച്ചു കൈകാലൊടിച്ച് കിടത്തണമതിനെ.
സായഹ്നസവാരിക്കാരുടെ  ഒടുക്കത്തെ നടപ്പിലേക്ക് 
ഒരു ചരക്കുകപ്പല്‍ നിറയെ ഇരുട്ട് ചെരിയണം.
വയറിന്റെയും ചന്തിയുടെയും മുലകളുടെയും ഈ നഗരത്തില്‍ 
ഉദ്ദരിച്ചാല്‍ താഴാത്ത തൃഷ്ണകളുമായി 
ഒരാളും മരിക്കാനിടവരരുത്.

അനാശാസ്യങ്ങളുടെ ദൈവമേ  
അനാശാസ്യങ്ങളുടെ ദൈവമേ  
ശരീരത്തിന്റെ പൊത്തുകളില്‍ നിന്ന് 
ആ മദജലം തിരികെയെടുക്കേണമേ. 

തല്ലിയിട്ടോ കെട്ടിയിട്ടോ 
ജയിലിലടച്ചോ  മായ്ക്കാനാവില്ല 
വേട്ടക്കാരന്റെ മുഖച്ഛായ. 
ഒരിടത്തും ഉറയ്ക്കാത്ത കണ്ണുകളില്‍ 
കൂട്ടം തെറ്റിയ നടത്തങ്ങളില്‍ 
കണ്ണാടിയില്‍ 
അതേ ഛായ.
വയ്യ മതിയായി.  
എന്നെത്തന്നെ ഞാനിപ്പോള്‍ കുത്തിക്കീറും.
അതിനു മുന്‍പ് 
അണ്ണാക്കിലോട്ട് വിരലിട്ട്‌
ഞാനെന്റെ അനാശാസ്യം 
ചര്‍ദ്ദിച്ചു കളയട്ടെ 
ബ്ബഹ് ഗ്ല ബ്ലാ..ഗ്ഗ്  ഗാഹ്  ബുആ 

Wednesday, 9 November 2011

ശ്ശ്...

എപ്പോഴും മറന്നു വെച്ചുപോകും

കണാരേട്ടന് അയാളെത്തന്നെ.

ആള്‍ത്തിരക്കുള്ള അങ്ങാടിയിലോ

പീടികക്കോലായിലോ

ആരും വരാനില്ലാത്ത വീട്ടിലോ.

വച്ച് മറന്ന കുടയുടേത് പോലെയല്ല

തിരിച്ചെടുക്കാന്‍ ആരുമെത്തില്ല.

ആ പയ്യിനെ ഒന്ന് മാറ്റിക്കെട്ട്

പുല്ലൊന്നു കുടഞ്ഞിടൂ

എന്നും മറ്റും ഇരുന്ന ഇരിപ്പിലെ

വേരിളക്കാന്‍ നോക്കും ചിരുതേടത്തി.

കണാരേട്ടന് പക്ഷെ,

അരണയുടെ ഓര്‍മയാണ്.


ചുമരിലെ ഉറുമ്പുകള്‍ വെട്ടിയ വഴിയില്‍

മഴ കൊണ്ട് മരിച്ച പാറ്റയുടെ

ശവത്തിനു കാവലിരിക്കുകയാവും അയാള്‍.

സമയത്തെ കുറിച്ച് നല്ല തിട്ടമുള്ളതാകയാല്‍

ഉറുമ്പുകള്‍ അയാളെ ഗൌനിക്കുകയേ ഇല്ല.

സമയത്തേക്കാള്‍ വയസ്സ് മൂപ്പുള്ളതുകൊണ്ട്

കണാരേട്ടനു ധൃതിയില്ല ഒന്നിനും.

മടക്കിവെച്ച കാല്‍

നി വ ര്‍ ത്തു ന്ന ത്

മൂ രി നി വ രു ന്നത്‌

പു റം ചൊ റി യു ന്ന ത്

സാവധാനത്തില്‍ അല്ലാതെ

മറ്റൊരു ഭാഷയും വഴങ്ങില്ല.


ഒച്ചകള്‍ കൊണ്ട് പണിത

വീടായിരുന്നു ഇതെന്നു

പച്ചിലക്കിളികളും മൈനകളും കാക്കകളും

ഒരേ സ്വരത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

കാണാതാവുന്ന സൂചിക്കും പിന്നിനും

ചീര്‍പ്പിനും ചെരിപ്പുകള്‍ക്കും ഒപ്പം

കളഞ്ഞു പോയേക്കും ഇപ്പോഴും

അയാള്‍ക്ക് അയാളെ.


മണ്ണിലേക്ക് മുഖമമര്‍ത്തി

ഉറങ്ങുകയാണ് വീട്

ഒച്ചയുണ്ടാക്കാതെ വെയില്‍

വരാന്തയോളം വന്നു മടങ്ങിപ്പോകുന്നു.

മറ്റൊന്നും ചെയ്യാനില്ലാതെ

മൂക്കിന്‍ തുമ്പത്തു പറന്നിരിക്കുന്ന

മടിയന്‍ ഈച്ചയെ ആട്ടാന്‍

കണാരേട്ടന്റെ കൈ

പുറപ്പെട്ടു കഴിഞ്ഞു.