Friday, 19 March 2010

ജലജീവി

കായപ്പനിച്ചിപ്പുഴയുടെ
ആഴങ്ങളില്‍
നാണിയേടത്തിക്ക്
വിലാസമുണ്ട്‌.
ആണുങ്ങള്‍ മാത്രം
പൂഴി കോരുന്ന കടവില്‍
അവര്‍ ജീവിതത്തെ
നീന്തിയെടുത്തു.

അവരുടെ കൈത്തണ്ടയില്‍
മീനുകള്‍ വരച്ച ചിത്രം കാണാം.
ഉറച്ച ഉടലില്‍
ആരുറപ്പുള്ള മരം കാണാം.
പുഴയുടെ അടിവയറ്റിലേക്ക്
മുങ്ങാംകുഴിയിടുമ്പോള്‍
നാണിയേടത്തി
ഒരു ജലജീവി.

എച്ചിലുകളും
ഉപേക്ഷിക്കപ്പെട്ട പ്രണയങ്ങളും
ചിലപ്പോള്‍ പുഴയിലൂടെ ഒലിച്ചു വരും.
ഉപേക്ഷ കൂടാതെ അവയെ
കരയ്ക്കടുപ്പിക്കും അവര്‍.

അഴിമുഖത്തേക്ക്
ആര്‍ത്തലച്ചു പോകുന്ന ഓളങ്ങള്‍
അവരുടെ ഉടലിനാല്‍ ലാളിക്കപ്പെടും.
കര കവിയുന്ന കര്‍ക്കിടകത്തിലും
നാണിയേടത്തി
പുഴയ്ക്കു കാവലാകും.

ഇന്നലെ
ഇല്ലാത്ത പുഴയുടെ കരയില്‍ വെച്ച്
അവരെ കണ്ടു.
കാടാറുമാസം കഴിഞ്ഞിട്ടും
കന്യകയായി തുടരുന്ന
പുഴജന്മം.

അവരുടെ ഉടലില്‍
പുഴ വരച്ച പാടുകള്‍.
കടലിലേക്ക്‌ എത്താതെ പോയ
ഒരു തിരയുടെ കോറിവരപ്പുകള്‍.

20 comments:

aneeshans said...

:(

വിഷ്ണു പ്രസാദ് said...

വാ‍ക്കുകള്‍ കൊണ്ട് ഒരു കാരിക്കേച്ചര്‍.വിജയന്റെ മുങ്ങാങ്കോഴിയിലേക്ക് ഒരു ലിങ്കു കൊടുക്കാം.

Panikkoorkka said...

കായപ്പനിച്ചിപ്പുഴ, നാണിയേടത്തി, കടല്... കവിതയും ചിത്രവും ഒന്നുചേറ്ന്ന്...

വിനീത് നായര്‍ said...

അമ്പട പഹയാ....!!

ജ്ജെന്താ....വാക്കോണ്ട് ചിത്രം വരക്ക്യാ..?

ഇമ്മാതിരി സാധനോം കൊണ്ട് ഈ വഴി ഇനി വന്നാ നുമ്മാ ഇതിനും വല്യ സാധനം എറക്കൂട്ടോ....ഇത് പഴേ കൊച്ച്യല്ലാ......പണി കിട്ടൂട്ടാ..!!

Sanal Kumar Sasidharan said...

ഉഗ്രൻ

pavamsajin said...

പ്രിയ സുധീഷ്‌,
നന്നായിരിക്കുന്നു. ഒരു ചിത്ര തൂവാലയുടെ ഭംഗിയുണ്ട്.
വായന ഒരു കാഴ്ച കൂടി ആകുന്നതിന്റെ സുഖം.
ഇഷ്ടം
സജിന്‍

Pramod.KM said...

നന്നായി:)

പകല്‍കിനാവന്‍ | daYdreaMer said...

പുഴയുടെ അടിവയറ്റിലേക്ക്
മുങ്ങാംകുഴിയിടുമ്പോള്‍ !

അനിലൻ said...

നല്ല പരിചയമുള്ള ഒരാള്‍!

എസ്‌.കലേഷ്‌ said...

സുധീ
ഈ കവിതയുടെ അടിയില്‍
ജീവിതത്തിന്റെ ഒരു പാത്രം തെളിഞ്ഞിരുപ്പുണ്ട്.
പുതുകവിതയില്‍ അത്രയ്ക്കങ്ങ് കടന്നുവന്നിട്ടില്ലെന്നു തോന്നുന്ന
ഗ്രാമീണ ബദല്‍ സ്ത്രീ ജീവിതത്തെ കൊണ്ടുവന്നതില്‍
പുതുമ തോന്നുന്നു.ആഴങ്ങളില്‍ ജീവിതം കൊണ്ട് വിലാസം എഴുതുന്നു എന്നു എഴുതുമ്പോള്‍ കവിത ഏറ്റവും പുതിയതായി വായിക്കാാനാവുന്നു

പക്ഷെ പിന്നീട്
ഒരു ജലജീവി
എന്നെഴുതിയപ്പോള്‍
ക്രിത്രുമത്വം കടന്നുവന്നോ
എന്ന് സംശയംവരുന്നു.(അറിയില്ല പിന്നെങ്ങനെ അത് ആകണമെന്ന് നിര്‍വ്വചിക്കാന്‍) ഒപ്പം 'ചിലപ്പോള്‍' എന്നെഴുതിയതും, ഇന്നലെ തലവരയിട്ട് നാണിയേടത്തിയെ ഡ്രാമാറ്റിക്കായി കൊണ്ടുവന്ന്
യാദൃശ്്ഛികമായ
സന്ദര്‍ഭം രചിച്ചത്
പുതുമ നഷ്ടപ്പെടുത്തിയോ
എന്നു വീണ്ടും സംശയം

ചിലപ്പോള്‍, പിന്നെ, മീതെ, മേലെ, എത്ര, ഇത്ര തുടങ്ങി നാടുകടത്താന്‍ ശ്രമിച്ചിട്ടും കവിതയോടു ഇഷ്ടം കൂടി മടങ്ങി വരുന്ന വാക്കുകളെയും
അവധൂതരായി കടന്നെത്തുന്ന ,സന്ദര്‍ഭങ്ങളെയും
നമ്മള്‍ എന്തുചെയ്യും?

Sunil Jose said...

ഉഗ്രൻ!nallathu

sudheesh kottembram said...

കലേഷേ,
എന്‍റെ കവിതയെ കുറിച്ച് സംസ്സാരിക്കുമ്പോള്‍ ഞാന്‍ അതിന്റെ വക്താവായി മാറും. അതുകൊണ്ടു എന്റെതല്ലാത്ത ഒരാളുടെ കവിതയായി ഇതുവായിക്കം: ഇരുന്നെണീക്കുന്ന വേഗത്തില്‍ കവിതയും ജീവിതവും മാറിക്കൊണ്ടിരിക്കുന്നു. പുതിയ കവിതയില്‍ ഒരു അര്‍ത്ഥവും ഉല്പാദിപ്പിക്കാത്ത വെറും വാക്ക് പോലും കവിതയുടെ സംവേദനത്തില്‍ ചിലത് ചെയ്യുന്നുണ്ട് എന്നാണു എന്‍റെ വിശ്വാസം. (കവിത ഒരു അതീന്ത്രിയ പ്രക്രിയ ആയി കാണാത്ത ഒരു വായനസമൂഹത്തില്‍ നിന്നാണ് ഞാനിതു പറയുന്നത്.) കാവ്യസുഖം പകരാത്ത വാക്ക് കറിവേപ്പിലയാണോ? എന്ന സംശയത്തില്‍ തന്നെ കവിതയെ കുറിച്ചുള്ള അപ്രമാദിത്യം ഇല്ലേ? മുന്‍പ് ആല്‍, തന്‍, മേല്‍ തുടങ്ങിയ വാക്കുകളായിരുന്നല്ലോ വരികളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നത്.ഇന്നത്‌ പിന്നെ, മീതെ, മേലെ, എത്ര, ഇത്ര എന്നൊക്കെ ആകുന്നു.

പിന്നെ ബദല്‍ സാധ്യത എന്ന് കേള്‍ക്കുമ്പോള്‍ കവി സന്തോഷിക്കേണ്ടതാണ്. അത്രയ്ക്ക് ബദലല്ല എന്നറിയാവുന്നതു കൊണ്ടു ആ ചാന്‍സും പോയി! എന്നാലും കവിത വായിച്ചു ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത് എത്ര ആരോഗ്യകരം! മറ്റു ബ്ലോഗശ്ശപ്രാപ്തികളുടെ ചില വാക് വിലാസങ്ങള്‍ക്കിടയില്‍! (മറ്റു പോതുബ്ലോഗുകളിലെ). പോസ്റ്റുകള്‍ക്ക്‌ മാത്രമല്ല. സംവാദങ്ങള്‍ക്കും വഴിയോരുങ്ങട്ടെ!

സുധി

എസ്‌.കലേഷ്‌ said...

സുധീ
നല്ല പ്രതികരണത്തിന് നന്ദി
കാവ്യ സുഖം പകരാത്ത വാക്ക്
ഒഴിവാക്കണമെന്ന് എനിക്ക്
അഭിപ്രായം ഇല്ല.
ചിലപ്പോള്‍ ആ വാക്കാകാം
ഒരു വരി
കവിതയായ് മാറുന്നത്.

അല്‍, തന്‍, മേല്‍ തുടങ്ങിയ വാക്കുകളുടെ
ചേര്‍പ്പില്‍ എഴുതപ്പെട്ട
മുന്‍കവിതകളില്‍ നിന്നും
കവിത ഇന്ന്
മേലെ, പിന്നെ, എത്ര, ഇത്ര
എന്നിങ്ങനെ തുടങ്ങുന്ന
വാക്കുകള്‍ ഉള്‍ക്കൊണ്ട് പുതുമുറക്കവികളുടെ
കവിതകള്‍ വന്നു കഴിഞ്ഞു.
അതുപോലെ
തന്നെ
ആധുനിക കവിതയില്‍ അമ്മേ, മകനേ
ശാന്തേ, ഗൌരീയമ്മേ തുടങ്ങി പേരും പൊതു നാമവും
വിളിച്ച് സംബോധന ചെയ്യുന്ന കവിതകളും
വന്നുപോയി(മധുസുദനന്‍ നായരും മുരുകന്‍ കാട്ടാക്കടയും തുറന്ന കടകള്‍ ഇപ്പോഴും അടച്ചിട്ടുമില്ല)
അതെല്ലാം പുതിയ കവിത കടന്നു പോയി

അതിനു പകരം പുതുക്കിയെടുത്ത
പുതുകവിതയുടെ ചേര്‍പ്പുകളായി
വന്നതാണ്
മേല്‍പ്പറഞ്ഞ
മേലെ, പിന്നെ, എത്ര, ഇത്ര
ഈ വാക്കുകളെന്നാണ്
എന്റെ കരുതല്‍
ഈ വാക്കുകളും
ഇപ്പോള്‍ പുതിയ കവിതയില്‍
വായിക്കുമ്പോള്‍
ആവത്തന വിരസമാകാറുണ്ട്(തീര്‍ത്തും സ്വകാര്യം).

ഞാന്‍ പറഞ്ഞുവയ്ക്കുന്നത്
ഈ വാക്കുകളെയും കടന്നു പുതുകവിതയ്ക്കു
മുന്നോട്ടുപോകാനാകും എന്ന ചെറിയ പ്രതീക്ഷയാണ്.

തേഞ്ഞുപഴകിയതിനെ
അത് അര്‍ത്ഥം
ഉല്പ്പാദിപ്പിക്കുമെങ്കിലും
കളത്തിനു പുറത്തിരുത്തി
പുതിയൊരു രൂപത്തെയോ, വാക്കിനെയൊ
കളത്തിലിറക്കാമെങ്കില്‍
കവിത പുതുക്കപ്പെടുമെന്ന്
കരുതുന്നു.

നീ തുടങ്ങിയപോലെ
സ്വന്തം കവിതയെക്കുറിച്ച് സംസാരിച്ചാല്‍
കവി അതിന്റെ വക്താവായി മാറുമെന്നതിനോടു യോജിക്കാനാകുന്നില്ല.
സ്വന്തം കവിത എന്താണെന്നും എഴുതാന്‍ ശ്രമിക്കുന്നതെന്താണെന്നും ഡിഫൈന്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ്?
സ്വന്തം കവിതയില്‍ ഇടപെടുന്ന രീതി സംബന്ധിച്ചാകാം
നീ സൂചിപ്പിച്ചതെന്ന് കരുതുന്നു.

sudheesh kottembram said...

ഞാന്‍ ഉദ്ദേശിച്ചത് സ്വന്തം കവിതയെ കുറിച്ച് സംസാരിക്കുമ്പോള്‍ കവി കൂടുതല്‍ ജാഗരൂകമാവുക അയാളുടെ കവിതയെ സംരക്ഷിക്കാന്‍ വേണ്ടിയായിരിക്കാം എന്നാണ്(അതാണ്‌ നമുക്ക് പരിചയവും). സ്വന്തം കവിത എന്താണെന്നു ഡിഫൈന്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. കുറേക്കൂടി കാറ്റും വെളിച്ചവുമുള്ള ഇടം വേണ്ടിയിരിക്കുന്നു നമ്മുടെ കവിതാവായനയിലും. പുതുകവിതയുടെ മുന്നോട്ടുപോക്കില്‍ എന്തുകൊണ്ടും ഞാന്‍ നേരത്തെ പറഞ്ഞ 'അനന്യതാ' വാദങ്ങളെ പിന്തള്ളിക്കൊന്ടുള്ള വായനകള്‍ വരേണ്ടതുണ്ട്. അപ്പോള്‍ കവിത ചിലപ്പോള്‍ വഴിവക്കില്‍ ഇരുന്നുള്ള വര്‍ത്താനം മാത്രമാകാം. യാത്രയ്ക്കിടയിലെ ധൃതി പിടിച്ച അനക്കങ്ങളാവാം. റോഡു മുറിച്ചു കടക്കുന്നതിനിടയിലെ ഫോണ്‍ സംസാരം ആവാം. കാവ്യ എന്ന് തുടങ്ങുന്ന വാക്കുകള്‍ തന്നെ ഇനി കവിതയ്ക്ക് ചേരാതെ വരുമോ? (കാവ്യപരിസരം, കാവ്യസുഭഗം, കാവ്യാനുശീലനം etc )

കലേഷു തന്നെ പറഞ്ഞ 'ബദല്‍സാധ്യതകള്‍' ഒരുപക്ഷേ ഏറ്റവും പുതിയ അനുഭവത്തെ കൊണ്ടു വരുന്നതിലൂടെ ആവാം. കവിതയുടെ വിനിയോഗം തന്നെ നാളെ എന്താവും എന്ന് ആര്‍ക്കറിയാം?

എം.ആര്‍.വിബിന്‍ said...

സുധി ,
വാക്കുകള്‍ കൊണ്ടു നാണിയെ നീ വരച്ചിടുന്നുണ്ട്..
'ജലജീവി' എന്ന വാക്ക് അത് വരെ വലുതായി വലുതായി വന്ന നാണിയെ ഒന്ന് ചെറുതാക്കിയില്ലേ?

മുകളില്‍ സൂചിപ്പിച്ചതൊന്നുമല്ല ഞാന്‍ ശ്രദ്ധിച്ചത്.
പുതിയ കവിതയിലെ പലരും മുക്തരാകാത്ത ഒരു കുടുക്കിനെ കുറിച്ചാണ്...ഞാന്‍ അടക്കം ഊരി എറിയാന്‍ ആഗ്രഹിക്കുന്ന ഒന്ന്.
കവിതയില്‍ പറയാന്‍ ഉള്ളത് ഒരു സംഭവം...അതിനു മുന്നില്‍ ചേര്‍ക്കുന്ന ചില വര്‍ണ്ണനകള്‍...വര്‍ണ്ണിച്ച് വര്‍ണ്ണിച്ച്
പലതും പറഞ്ഞു പറഞ്ഞു ഒരു ക്ലൈമാക്സും അതിനു തൊട്ടു മുന്നില്‍ ചേര്‍ക്കുന്ന
'ഇന്നലെ ,എന്നിട്ടും ,അതിനു ശേഷം,എന്നെങ്കിലും ,' തുടങ്ങിയ ചില പദങ്ങളെ കുറിച്ചാണ്...


''
ഇന്നലെ
ഇല്ലാത്ത പുഴയുടെ കരയില്‍ വെച്ച്
അവരെ കണ്ടു.
കാടാറുമാസം കഴിഞ്ഞിട്ടും
കന്യകയായി തുടരുന്ന
പുഴജന്മം.

അവരുടെ ഉടലില്‍
പുഴ വരച്ച പാടുകള്‍.
കടലിലേക്ക്‌ എത്താതെ പോയ
ഒരു തിരയുടെ കോറിവരപ്പുകള്''

ഇത്രെയും കാര്യം പറയാന്‍ മുന്‍പുള്ള ഭാഗം മുഴുവന്‍ നാണിയെ വര്ന്നിക്കേണ്ടി വരുന്നു...
കവിതയുടെ ഈ ക്രഫ്റിനെ തകര്‍ക്കെണ്ടാതുണ്ട് എന്ന് തന്നെ തോനുന്നു...

ഞാന്‍ പറഞ്ഞതിനെ പൊട്ടാത്തരമായി കാണെണ്ടതുണ്ടോ എന്നും അറിയില്ല...ഞാന്‍ ആഗ്രഹിക്കുന്ന ഒന്ന്..എന്റെതടക്കം ഇതേ ഘ ടനയിലുള്ള കവിത വായിച്ച് മടുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു...
--

ഞാന്‍ ഇരിങ്ങല്‍ said...

വളരെ ശ്രദ്ധയോടെ എഴുതിയ നല്ല കവിത.
പഴയ ചില കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു കവിതയെങ്കിലും
നാണിയേടത്തി എന്ന കഥാപാത്രം കവിതയില്‍ വളരുക തന്നെയാണ് വായനക്കാരന്‍ റെ ഉള്ളിലേക്ക്.
കവിത ഇഷ്ടമായി.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

K P Ramesh said...

Dear Sudheesh,
salimraj told me that the cover design of my book by Sahitya Academi is done by you. If so please send it to me- rameshzorba@gmail.com.

k p ramesh
94473 15971

sumod said...

സുധീഷ്‌,
നന്നായിരിക്കുന്നു.

വിജയലക്ഷ്മി said...

കവിത അതിമനോഹരം ..വരികളിലൂടെ ..നാണിയെടത്തിയെ ഉപമകളോടെ മനോഹരമാക്കി






















'

lekshmi. lachu said...

kaanathe kaanunnu naani edathiye..