Wednesday 9 November 2011

ശ്ശ്...

എപ്പോഴും മറന്നു വെച്ചുപോകും

കണാരേട്ടന് അയാളെത്തന്നെ.

ആള്‍ത്തിരക്കുള്ള അങ്ങാടിയിലോ

പീടികക്കോലായിലോ

ആരും വരാനില്ലാത്ത വീട്ടിലോ.

വച്ച് മറന്ന കുടയുടേത് പോലെയല്ല

തിരിച്ചെടുക്കാന്‍ ആരുമെത്തില്ല.

ആ പയ്യിനെ ഒന്ന് മാറ്റിക്കെട്ട്

പുല്ലൊന്നു കുടഞ്ഞിടൂ

എന്നും മറ്റും ഇരുന്ന ഇരിപ്പിലെ

വേരിളക്കാന്‍ നോക്കും ചിരുതേടത്തി.

കണാരേട്ടന് പക്ഷെ,

അരണയുടെ ഓര്‍മയാണ്.


ചുമരിലെ ഉറുമ്പുകള്‍ വെട്ടിയ വഴിയില്‍

മഴ കൊണ്ട് മരിച്ച പാറ്റയുടെ

ശവത്തിനു കാവലിരിക്കുകയാവും അയാള്‍.

സമയത്തെ കുറിച്ച് നല്ല തിട്ടമുള്ളതാകയാല്‍

ഉറുമ്പുകള്‍ അയാളെ ഗൌനിക്കുകയേ ഇല്ല.

സമയത്തേക്കാള്‍ വയസ്സ് മൂപ്പുള്ളതുകൊണ്ട്

കണാരേട്ടനു ധൃതിയില്ല ഒന്നിനും.

മടക്കിവെച്ച കാല്‍

നി വ ര്‍ ത്തു ന്ന ത്

മൂ രി നി വ രു ന്നത്‌

പു റം ചൊ റി യു ന്ന ത്

സാവധാനത്തില്‍ അല്ലാതെ

മറ്റൊരു ഭാഷയും വഴങ്ങില്ല.


ഒച്ചകള്‍ കൊണ്ട് പണിത

വീടായിരുന്നു ഇതെന്നു

പച്ചിലക്കിളികളും മൈനകളും കാക്കകളും

ഒരേ സ്വരത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

കാണാതാവുന്ന സൂചിക്കും പിന്നിനും

ചീര്‍പ്പിനും ചെരിപ്പുകള്‍ക്കും ഒപ്പം

കളഞ്ഞു പോയേക്കും ഇപ്പോഴും

അയാള്‍ക്ക് അയാളെ.


മണ്ണിലേക്ക് മുഖമമര്‍ത്തി

ഉറങ്ങുകയാണ് വീട്

ഒച്ചയുണ്ടാക്കാതെ വെയില്‍

വരാന്തയോളം വന്നു മടങ്ങിപ്പോകുന്നു.

മറ്റൊന്നും ചെയ്യാനില്ലാതെ

മൂക്കിന്‍ തുമ്പത്തു പറന്നിരിക്കുന്ന

മടിയന്‍ ഈച്ചയെ ആട്ടാന്‍

കണാരേട്ടന്റെ കൈ

പുറപ്പെട്ടു കഴിഞ്ഞു.

Monday 19 September 2011

കലാനിലയം കെ.സി. തൂണേരി: നടനെന്ന നിലയില്‍ ഒരു നാട്ടിന്‍പുറത്തുകാരന്റെ ജീവിതവ്യഥ

രംഗം ഒന്ന്:
വേട്ടക്കാരനോ വേലുത്തമ്പിദളവയോ ആരുമാകട്ടെ
വാളെടുത്തെങ്കില്‍ കേസി അരങ്ങിന്റെ അധിപന്‍.
വെള്ളക്കാരന്റെ നേരെ ചങ്കുംവിരിച്ചു
വരിനെടാ എന്നലറുന്ന നാട്ടുരാജാവിന്റെ ശൌര്യം.
അങ്കക്കലി മൂത്ത വടക്കന്‍കഥയിലെ പടനായകന്‍.
പതിനെട്ടടവും പയറ്റിത്തെളിഞ്ഞ വീരപുരുഷന്‍.

അതാ നോക്കൂ...
അയല്‍രാജ്യത്തിന്റെ പടയാളികള്‍
കൂട്ടത്തോടെ നായകനെ ലക്ഷ്യം വെച്ചുവരുന്നു.
അരയും തലയും മുറുക്കി ശ്രീമാന്‍ കേസി
ആയിരം പടയാളികള്‍ക്ക് നേരെ
ഒറ്റക്കുതിപ്പ്!
പ് ടും!
യുദ്ധക്കളം കിടക്കപ്പായ ആയിരുന്നു.
പടയാളികള്‍ മൂട്ടകളും.

ഒമ്പതേകാലിന്റെ സൈറണ്‍
കൂകിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.
കുടിച്ച ലഹരി കെട്ടും പോയിരുന്നു.

രംഗം രണ്ട്:
വൈരുദ്ധ്യാത്മക സ്വപ്നത്തിന്റെ തുടരന്‍ രംഗങ്ങളില്‍
കെ.സി. തൂണേരിയുടെ പകലിരവുകള്‍.
കഞ്ഞിക്കരിയിടാന്‍ ഇന്നെന്തു വഴി
എന്ന് കേസിയുടെ സ്വപത്നി
ശാരദേടത്തിയുടെ വേവുന്ന ചിന്തകള്‍.
'ചായിന്റെ കുരിപ്പേ ഇന്ന കുയിച്ചിട്ടോട്ടെ'
എന്ന സ്ഥിരം പ്രാക്കില്‍ തുടങ്ങുന്നു
അവരുടെ പ്രഭാതകൃത്യങ്ങള്‍.
മുറ്റത്തെ നിഴല്‍ അടിച്ചുവാരുകയും
കടച്ചിപ്പയ്യിനെ മാറ്റിക്കെട്ടുകയും
ബ ബ ബാ എന്ന് കോഴിക്ക് തിന കൊടുക്കുകയും
ചെയ്യുമ്പോള്‍
അടുക്കളയില്‍ പുകയില്ലാത്ത
ഏകവീടായിരിക്കുമത്.
ഉച്ചയോടടുക്കുമ്പോള്‍ വടക്കേച്ചേതിയില്‍
താടിക്ക് കയ്യും കൊടുത്തിരിക്കും അവര്‍
പഴയ മുറം പോലെ.

അരവയറാണെങ്കിലും അനുനിമിഷം
നടനല്ലാതായി ജീവിക്കാന്‍ കേസിക്ക് ആവതില്ല.
എണ്‍പത്തിരണ്ടിലെ നാടകവണ്ടി
കേസിയുടെ രക്തത്തില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു.
ശാരദേ... എന്ന നീളന്‍വിളിയില്‍
ഒരു ഹാര്‍മോണിയം അതിന്റെ സകലഞെട്ടിലും വിരലോടിക്കുന്നു.
മീന്‍കറിയുടെ എരിവില്ലായ്മയില്‍ നിന്ന് തുടങ്ങി
ശാരദേടത്തിയുടെ ജീനുവരെ കുറ്റമാരോപിക്കുന്ന
വലിയ ശകാരങ്ങള്‍ക്ക്
ഘടോല്‍ക്കചന്റെയോ രാവണന്റെയോ ഒച്ചകളുടെ
സൌണ്ട് ട്രാക്ക് മാറിയിടുന്നു.
മുറിബീഡി പോലുമില്ലാത്ത ശൂന്യതക്ക്
താഴ്ന്ന സ്ഥായിയില്‍ 'പിറവി'യിലെ അപ്പച്ചനാവുന്നു.
പള്ളയില്‍ തീ കത്തുമ്പോള്‍ ബഹദൂറിന്റെ,
തീ ശമിക്കുമ്പോള്‍ അടൂര്‍ ഭാസിയുടേത്.
ചായക്കടയില്‍, റേഷന്‍ കടയില്‍
കവലയില്‍, കല്യാണപ്പുരയില്‍
വേറെ വേറെ റോളുകളുണ്ട്.

രംഗം മൂന്നു:
ഹൈവേക്ക്‌ പുരയിടം വിട്ടുകൊടുത്ത അന്ന്
ശാരദേടത്തി ഫ്രെയിമിലില്ല.
ഊര് തെണ്ടാനിറങ്ങിയ മക്കളും ഫ്രെയിമിലില്ല.
ഉള്ളത് കലാനിലയം കെ.സി. തൂണേരി
എന്ന ഒറ്റത്തടി
ഒരു ഇരുമ്പുപെട്ടി
പെട്ടിയില്‍ നാലായി മടക്കിയ നാടകനോട്ടീസില്‍നോക്കി
കേസി അന്നാദ്യമായി (സ്വന്തം ചെലവില്‍) വ്യഥപൂണ്ടു,
നാടകക്കാരന്റെ ചോറ്
നാടകക്കാരന്റെ ചോറ്


-NB: കഥാപാത്രങ്ങളും പങ്കെടുത്തവരും യാദൃശ്ചികമല്ല. ജീവിച്ചിരിക്കുന്നവരുമായി നേരിട്ടും അല്ലാതെയും ബന്ധമുണ്ട്. അവര്‍ കേസിന് വരരുതെന്നപേക്ഷ.

Thursday 9 June 2011

കാമവിസര്‍ജനത്തിനു വേണ്ടി ഒരു സത്യവാങ്ങ്മൂലം (Enter 18+)

ത്രയും കൂര്‍മതയുണ്ട്
ഈ കളിക്ക്.
മണ്ണിരകള്‍ മണ്ണിനോടെന്നപോലെ
ഏന്തിവലിഞ്ഞു കുറുകിയമര്‍ന്ന്‍
ഒറ്റയ്ക്കൊരു ഉടലാവാന്‍.
ചര്‍മ്മത്തെ ചര്‍മ്മത്തിനുള്ളില്‍
ചുറ്റിപ്പിടിക്കുന്ന മാംസക്കൊളുത്താവാന്‍.
വേര്‍പെട്ടുപോകരുതേ എന്ന
ആ നിമിഷത്തിന്റെ പ്രാര്‍ഥനയില്‍.

കെട്ടിപ്പിടിക്കുമ്പോള്‍
അരുതാത്തത് ചെയ്യുകയല്ല.
സ്വന്തം ശരീരത്തെ തുറക്കുവാനുള്ള
താക്കോല്‍ തേടുകയാണ്.
ഇവിടെ എവിടെയോ ആണത്
നഷ്ടപ്പെട്ടത് എന്ന് പരതുകയാണ്‌.
ചുണ്ട് കൊണ്ടെഴുതുന്ന
ഒറ്റവരിക്കവിതയില്‍
ഒരു ജീവന്റെ രുചിയത്രയും പകര്‍ത്തുകയാണ്.

മടക്കി വിളിക്കല്ലേ
പാര്‍ക്കിലോ പെരുവഴിയിലോ
ഉടല്‍ പെരുത്തു പൂമരമായവരെ.
തിളങ്ങുന്ന ചേല ചുറ്റിയ ഇന്ദ്രിയങ്ങള്‍
വാനിറ്റി ബാഗില്‍ ഒളിച്ചു കടത്തുന്നുണ്ട് രാത്രികള്‍.
നഗരം ഇപ്പോള്‍
ഉരുക്കുതൊലിയുള്ള പുരുഷലിംഗമാണ്.
സ്ലിച്ചു പോയേക്കാം,
ആണ്‍വേട്ടക്കാരന്റെ കയ്യിലെ രഹസ്യമൈതാനങ്ങള്‍.
പിരിഞ്ഞുപോവില്ല ഇരുട്ടുശരീരങ്ങള്‍
നിലാവ് നക്കിയെടുക്കും വരെ.

മൂത്രപ്പുരകളില്‍ രേഖപ്പെടുത്തട്ടെ
അനശ്വര കാമത്തിന്റെ കോണ്‍ടാക്ട് നമ്പരുകള്‍
കോറി വരയ്ക്കട്ടെ തൃഷ്ണകള്‍...
കാക്കിയുടുപ്പുകാരാ കണ്ണുവെക്കല്ലേ
അവര്‍ നിരപരാധികള്‍.
ഉടലിന്റെ വ്യഥകളെ വിവര്‍ത്തനം ചെയ്യുന്ന
വെറും പരിഭാഷകര്‍.

Sunday 17 April 2011

ഹോട്ടല്‍ പാരഡൈസ് , എം ജി റോഡ്‌, എറണാകുളം


പൊറോട്ടയ്ക്ക് കുഴയ്ക്കുമ്പോള്‍
മുനിയാണ്ടിക്ക്
നാഗര്‍കോവിലിലെ കളിമണ്‍പാടത്ത്
ചളി കുഴച്ച പരിചയം
അധികയോഗ്യതയായിരുന്നു.

മുനിയാണ്ടിയുടെ കൈവഴക്കത്തില്‍
രണ്ടു നേരത്തെ ആഹാരം
ഒറ്റപ്പൊറോട്ടയില്‍
പരിഹരിക്കനെത്തിയവര്‍ക്കെല്ലാം
ഏമ്പക്കദായകമായി.

കച്ചോടക്കാരും കോളേജു കട്ട് ചെയ്തു
പടം കാണാന്‍ പോണ പിള്ളേരും
പോലീസും ലോറിക്കാരും
വല്ലപ്പോഴും പല്ല് കാണിക്കാനെന്നും പറഞ്ഞു
വീട്ടീന്നിറങ്ങുന്ന അപ്പാപ്പന്മാരും
ആദ്യം ചെന്ന് കയറുന്ന ചായപ്പീടിക
ഇന്നിപ്പോള്‍ പത്രാസുള്ള പാരഡൈസായി.
കപ്പയും കാപ്പിയും കിട്ടാതായി

എഫോറില്‍ അച്ചടിച്ച മെനുക്കാര്‍ഡിന്റെ
ഇരുപുറവും കോഴിയും പോത്തും
പല പല പേരുകളില്‍ മൊരിഞ്ഞു.

ചോറ്റാനിക്കരക്കോ മട്ടാഞ്ചേരിക്കോ
വല്ലാര്‍പാടത്തെക്കോ പോകുന്ന കാറുകള്‍
പാരഡൈസിനു മുന്‍പില്‍ ബ്രേക്കിട്ടു.
മൊട്ടത്തലയില്‍ തിളങ്ങുന്ന മുഴയുള്ള മുതലാളിയും
കാഷ്യര്‍ ക്യാബിനിലെ തലയാട്ടിപ്പാവയും
ഒരുപോലെ ചിരിച്ചു.

അടിച്ചും പരത്തിയും
മൈദ പോലെ കുഴച്ചെടുക്കാവുന്ന പരുവത്തില്‍
മുനിയാണ്ടിയപ്പോള്‍
പാച്ചകപ്പുരയിലെ ഇരുട്ടില്‍
ആര്‍ത്തിക്കാരന്റെ കീശയില്‍ നിന്ന്
അറിയാതെ വീണ ടിപ്പുമായെത്തിയ
സേലത്തുകാരന്‍ മുരുകനെ
കനപ്പിച്ചു നോക്കി.

അറവുകത്തിയോടു കരുണയുള്ള
മാടിനെയെന്ന പോലെ
അവനപ്പോള്‍ ചെറുതായി.

തീന്മേശയില്‍
കോഴി ഒരു പക്ഷിയുടെ പേരല്ല.
പോത്ത് ഒരു മൃഗത്തിന്റെയും.
മുരുകന്‍ എന്തിന്റെ പേരാണ്?