Sunday 17 April 2011

ഹോട്ടല്‍ പാരഡൈസ് , എം ജി റോഡ്‌, എറണാകുളം


പൊറോട്ടയ്ക്ക് കുഴയ്ക്കുമ്പോള്‍
മുനിയാണ്ടിക്ക്
നാഗര്‍കോവിലിലെ കളിമണ്‍പാടത്ത്
ചളി കുഴച്ച പരിചയം
അധികയോഗ്യതയായിരുന്നു.

മുനിയാണ്ടിയുടെ കൈവഴക്കത്തില്‍
രണ്ടു നേരത്തെ ആഹാരം
ഒറ്റപ്പൊറോട്ടയില്‍
പരിഹരിക്കനെത്തിയവര്‍ക്കെല്ലാം
ഏമ്പക്കദായകമായി.

കച്ചോടക്കാരും കോളേജു കട്ട് ചെയ്തു
പടം കാണാന്‍ പോണ പിള്ളേരും
പോലീസും ലോറിക്കാരും
വല്ലപ്പോഴും പല്ല് കാണിക്കാനെന്നും പറഞ്ഞു
വീട്ടീന്നിറങ്ങുന്ന അപ്പാപ്പന്മാരും
ആദ്യം ചെന്ന് കയറുന്ന ചായപ്പീടിക
ഇന്നിപ്പോള്‍ പത്രാസുള്ള പാരഡൈസായി.
കപ്പയും കാപ്പിയും കിട്ടാതായി

എഫോറില്‍ അച്ചടിച്ച മെനുക്കാര്‍ഡിന്റെ
ഇരുപുറവും കോഴിയും പോത്തും
പല പല പേരുകളില്‍ മൊരിഞ്ഞു.

ചോറ്റാനിക്കരക്കോ മട്ടാഞ്ചേരിക്കോ
വല്ലാര്‍പാടത്തെക്കോ പോകുന്ന കാറുകള്‍
പാരഡൈസിനു മുന്‍പില്‍ ബ്രേക്കിട്ടു.
മൊട്ടത്തലയില്‍ തിളങ്ങുന്ന മുഴയുള്ള മുതലാളിയും
കാഷ്യര്‍ ക്യാബിനിലെ തലയാട്ടിപ്പാവയും
ഒരുപോലെ ചിരിച്ചു.

അടിച്ചും പരത്തിയും
മൈദ പോലെ കുഴച്ചെടുക്കാവുന്ന പരുവത്തില്‍
മുനിയാണ്ടിയപ്പോള്‍
പാച്ചകപ്പുരയിലെ ഇരുട്ടില്‍
ആര്‍ത്തിക്കാരന്റെ കീശയില്‍ നിന്ന്
അറിയാതെ വീണ ടിപ്പുമായെത്തിയ
സേലത്തുകാരന്‍ മുരുകനെ
കനപ്പിച്ചു നോക്കി.

അറവുകത്തിയോടു കരുണയുള്ള
മാടിനെയെന്ന പോലെ
അവനപ്പോള്‍ ചെറുതായി.

തീന്മേശയില്‍
കോഴി ഒരു പക്ഷിയുടെ പേരല്ല.
പോത്ത് ഒരു മൃഗത്തിന്റെയും.
മുരുകന്‍ എന്തിന്റെ പേരാണ്?