Wednesday 3 November 2010

വീട്ടുമരം

മറ്റെന്തും പോലെ

തെങ്ങുള്ള വീട്

ഒരുപമയേ അല്ലായിരുന്നു.


കോലായീന്റെ ഒത്ത നടുക്ക്

വിളഞ്ഞുനില്‍ക്കുന്ന

ഒറ്റത്തെങ്ങ്

ഞാലിപ്പൊരേന്റെ ഓല തുളച്ച്

വളര്‍ന്ന് വളര്‍ന്ന്

ആകാശത്ത് വട്ടപ്പന്തലായി.


തെങ്ങില്‍ച്ചാരിച്ചാരി

മൂത്തമ്മ മുറുക്കാനിരുന്നും

ശ്രീജയും ബീനയും

പേനെടുത്തും മംഗളം വായിച്ചും

ആരുറപ്പുള്ള തെങ്ങിനെ

വീടിന്റെ അവയവമാക്കി.


പയറ്റുകത്തുകളും

കുറിക്കണക്ക് കുറിച്ച കടലാസും

കൊടക്കമ്പീല്‍ക്കുത്തി

തെങ്ങില്‍ കൊളുത്തിയിടും അച്ഛന്‍

മുട്ടവിളക്കിന്റെ കരിയും

നൂറുതേച്ച പാടും

കുമ്മായം തേച്ച തൂണാക്കി മാറ്റും

തെങ്ങും തടിയെ.


ഗോയിന്നാട്ടന്‍ തെങ്ങുകാരുമ്പം

പൊരപ്പൊറത്ത് വീഴുമല്ലോന്ന് വിചാരിച്ച്

വെളയാത്ത തേങ്ങയും പറിച്ചിടും.

മൂത്തമ്മ മുക്കിയും മൂളിയും

അതിന്റെ അരിശം കാട്ടുമെങ്കിലും.


മടിയില്‍ തെങ്ങുള്ള വീട്

ഉപമയാകുന്നതിനും‍ മുന്‍പ്

ഒരു മകരത്തില്‍

അത് മുറിച്ചു.


തടി കീറുമ്പോള്‍ കണ്ടു

ആരുകള്‍ക്കിടയില്‍

കാണാതെപോയ വട്ടച്ചീര്‍പ്പ്

വാററ്റ ചെരിപ്പ്

മുടിപ്പിന്ന്

നഖംവെട്ടി

ഉറുപ്പികത്തുട്ടുകള്‍


ഞങ്ങളുടെ ചോറുതിന്നു വളര്‍ന്ന

ആ വീട്ടുമരം

ഇപ്പോള്‍

ആരുടെ മേല്‍ക്കൂര?




10 comments:

വി.മോഹനകൃഷ്ണന്‍ said...

നന്നായി,കവിത.രാമചന്ദ്രന്റെ ‘തെങ്ങുമൊഴി’യും കൂടെയോര്‍ത്തു..

jageshedakkad said...

തെങ്ങിന്റെ മണമുള്ള കവിത ,തെങ്ങ് മുറിച്ചപ്പോള്‍ വാര്‍ന്നു വീണ ചോര ആര് കുടിച്ചു

yousufpa said...

typinഒരു ഹൃദയഹാരിയായ കവിത.

പകല്‍കിനാവന്‍ | daYdreaMer said...

ഞങ്ങളുടെ ചോറുതിന്നു വളര്‍ന്ന ആ വീട്ടുമരം ഇപ്പോള്‍ ആരുടെ മേല്‍ക്കൂര?
!!
നല്ല കവിത

Unknown said...

നല്ല കവിത !!!

jeeva said...

thengippol aarudeyum melkkoorayalla. jeevitham kuruke kadakkanittiru orikkalathu... pakshe innale peytha mazhayude kuthozhukkil atholichu poyi... akkareyikare kadakkaan oru thadippalam illaathavr nammal..........

Kuzhur Wilson said...

ഹൊ / എന്താടാ കവിത

ദേവസേന said...

മൂത്തമ്മയെവിടെ? ശ്രീജയെവിടെ? ബീനയെവിടെ? അച്ഛനെവിടെ? എന്നെ ഊട്ടിവളര്‍ത്തിയവരെവിടെ?
ആ മേല്‍ക്കൂരയും വിങ്ങിവിങ്ങിയിരിക്കുന്നുണ്ടാവും.

Pramod.KM said...

ഈ കവിതയുടെ മേല്‍ക്കൂര!

SHYLAN said...

marakkothhaaa...