Tuesday, 7 October 2008

അമരവള്ളിയുടെ ഉച്ചിയില്‍

വെള്ളമോ വളമോ
കൊടുത്തിട്ടില്ല
മറ്റൊരു ചെടിയെയും
പരിപാലിക്കും പോലെ
നോക്കിയിട്ടില്ല.

എവിടെ നിന്നോ കിട്ടിയ
അമരവിത്ത്
എങ്ങനെയോ
മുളച്ചത്

ആരെയും കാത്തുനില്‍ക്കാതെ
അത് വളര്‍ന്നു.
ഒരു അനിഷ്ടവുമുണ്ടയിരുന്നില്ല
അതിന്
മണ്ണിനോടോ മനുഷ്യരോടോ.

ദിവസവും
അതിന്റെ കിളിര്‍പ്പുകള്‍
സൂര്യനിലേക്ക് കണ്ണ് പായിച്ചു.
ചിലപ്പോള്‍
എയ്ത്തുനക്ഷത്രം പോലെ
മറ്റുചിലപ്പോള്‍
അതിലും വേഗത്തില്‍.

ഇപ്പോള്‍
കയ്യെത്താ ദൂരത്തു
മേഘപടലങ്ങള്‍ക്കപ്പുരം
പന്തലിച്ചിരിക്കുന്നു
അതിന്റെ ഉയരങ്ങള്‍...

ഒരുനാള്‍
മറ്റാരുമില്ലാത്ത നേരം
മുറ്റത്തു നിന്നു
അതിന്റെ ഇലയിടുക്കുകളില്‍
ചവിട്ടി
ഏറെ ഉയരെ
താഴെ നോക്കുമ്പോള്‍
ഭൂമി ഉള്ളം കയ്യിലെടുക്കാവുന്ന
അത്രയും ഉയരെ എത്തി

ഇനി താഴോട്ടില്ല
എന്ന് തീരുമാനിക്കാന്‍ മാത്രം
മനസ്സപ്പോള്‍ ആകാശത്തെ സ്നേഹിച്ചു.

എന്നെങ്കിലും
അമരവള്ളിയുടെ വേരുകള്‍
അതിന്റെ മക്കളോട്
പറയുമായിരിക്കും
'എല്ലാം കാണാനും കേള്‍ക്കാനും
മുകളില്‍ ഒരാളുണ്ട് '
എന്ന്.

8 comments:

വികടശിരോമണി said...

ആകാശം അമരവള്ളിയേയും സ്വപ്നം കാണുന്നുണ്ടാവും...

ഏട്ടാശ്രീ.... said...

എന്നെങ്കിലും
അമരവള്ളിയുടെ വേരുകള്‍
അതിന്റെ മക്കളോട്
പറയുമായിരിക്കും
'എല്ലാം കാണാനും കേള്‍ക്കാനും
മുകളില്‍ ഒരാളുണ്ട് '
എന്ന്.
thazhottu nokkam irangipokaruthu....

ലക്ഷ്മി said...

മുകളിലിരുന്നു താഴോട്ട്‌ നോക്കുമ്പോള്‍ പേടിയകില്ലേ.... എങ്ങാനും വീണ് പോയാലോ?
അപ്പോള്‍ അമരവള്ളിയുടെ വേരുകള്‍
അതിന്റെ മക്കളോട്
പറയുമായിരിക്കും..... "വീണിത്ല്ലോ കിടക്കുന്നു ധരണിയില്‍........." :)

Jelin Edampadam said...
This comment has been removed by the author.
Jelin Edampadam said...

many are in the bottom and sourroundings,then why she talking about the one who in the top.
are they blind and dump?

മനോജ് കുറൂര്‍ said...

സുധീഷ്,താഴെയും മുകളിലുംനിന്നുള്ള ആലോചനകള്‍ ഇഷ്ടമായി. അമരവള്ളി വിചാരിക്കും മുകളില്‍ ഒരാളുണ്ടാവുമെന്ന്. അപ്പോള്‍ കവി താഴെയായിരിക്കുമോ? ചിത്രകാരാ, താഴെയും മുകളിലുംനിന്നുള്ള കാഴ്ചകള്‍ നീ വിട്ടുകളഞ്ഞതെന്തേ?
കവിത നന്നായി. എങ്കിലും കൂടുതല്‍ കാഴ്ചകള്‍ പ്രതീക്ഷിക്കുന്നത് അധികപ്പറ്റാവുമോ?

മാണിക്യം said...

'എല്ലാം കാണാനും
കേള്‍ക്കാനും മുകളില്‍ ഒരാളുണ്ട് ....
നല്ല ചിന്ത .
ഇന്ന് പലരും പലപ്പൊഴും മറക്കുന്നത്

Anonymous said...

ഉമ്മ.