Sunday 28 September 2008

എന്നെത്തെയും പോലെ


രാത്രി
അതിന്‍റെ ഉടല്‍ നിറയെ
ചിത്രപ്പണികള്‍ ചെയ്തുകൊണ്ടിരുന്നു
വെളിച്ചത്തിന്‍റെ പക്ഷികള്‍ വന്നു
അവ കൊത്തിയെടുക്കും വരെ

കാടിനേയും കാട്ടരുവിയെയും
കറുപ്പില്‍ എഴുതി
മരങ്ങളെ
മരങ്ങളില്‍ രാപാര്‍ക്കും
പറവകളെ
ആകാശം നോക്കി കിടക്കും കുളത്തെ.

ഇടവഴികളിലൂടെ
ഒറ്റയ്ക്ക് സഞ്ചരിച്ചു
താഴ്വാരങ്ങളില്‍
മദിച്ചുകിടന്നു

ഉറങ്ങുന്ന കുരുവിക്കുഞ്ഞുങ്ങളെ
ഉണര്‍ത്താതെ
അവയെ ആര്‍ദ്രതയോടെ
തഴുകിക്കൊണ്ട്
പുലര്ച്ചയിലേക്ക് മെല്ലെ നടന്നു

വെളിച്ചത്തിലേയ്ക്കു അടുക്കുന്തോറും
അതിര്‍ത്തി എവിടെ എന്ന്
വീണ്ടും വീണ്ടും ആകുലപ്പെട്ടു
ഇതാ ഇപ്പോള്‍
അതിര്‍ത്തികള്‍ മാഞ്ഞു
ജലച്ചായചിത്രം പോലെ
പടര്ന്നുവല്ലോ
ഒരു രാവും
ഒരു പകലും .

1 comment:

ദേവസേന said...

"വെളിച്ചത്തിലേയ്ക്കു അടുക്കുന്തോറും
അതിര്‍ത്തി എവിടെ എന്ന്
വീണ്ടും വീണ്ടും ആകുലപ്പെട്ടു "

മൂന്നു കവിതകളും വായിച്ചു.. ഇഷ്ടായി.
ആരും അറിയാതെ പോകുന്നുവോ ഈ ബ്ലോഗ് എന്ന് ആശങ്കയും ഉണ്ടായി. ഇരുട്ടിലെഴുതിയ അക്ഷരങ്ങള്‍ വെളിച്ചത്തിലേക്കു പറക്കട്ടെ.

നാടുകടത്തപ്പെട്ട പൂച്ച ക്കുട്ടിയെപോലെയാകുമോ കവിതകള്‍? (അതെവിടെ)?
സര്‍വ്വശ്വൈര്യങ്ങളും നേരുന്നു..
സ്നേഹപൂര്‍വ്വം..