Sunday 28 September 2008

നാടുകടത്തല്‍


അടുപ്പിന്‍റെ മൂലയിലോ
കോണിപ്പടിയിലോ
കോലായയിലോ
കിണറ്റുകരയിലോ
എല്ലാ നേരങ്ങളിലെയും വീട്ടിലെ
അന്തേവാസിപ്പൂച്ചയെ ഓര്‍ത്തു

ചെവിക്ക് പിടിച്ച്
എപ്പോഴുമെപ്പോഴും
പുറത്താക്കും
ആരെങ്കിലുമൊക്കെ
ഒട്ടും വൈരാഗ്യമില്ലാതെ
വീണ്ടും അത് അവിടെത്ത്ന്നെ
ഇരിക്കുകയോ കിടക്കുകയോ ചെയ്യും

ഒരിക്കല്‍
രണ്ടും കല്‍പ്പിച്ച്
പാടങ്ങള്‍ക്കക്കരെ
ആളില്ലാപ്പറമ്പില്‍
തിരിച്ചെത്താനാവാത്ത വിധം
ഉപേക്ഷിച്ചു
അച്ഛന്‍ അതിനെ

ഒരു മൂളലോ മുരടനക്കമോ
ഇല്ലാതെ
ആ നാടുകടത്തല്‍ പൂച്ച ക്ഷമിച്ചിരിക്കും
ഏറെ നാള്‍ കൂടെക്കിടന്ന ചൂട്
വീടും മറന്നിരിക്കും

പൂച്ചയില്ലാത്ത വീട്ടിലിരുന്ന്
പുറത്തേക്ക് നോക്കുമ്പോള്‍
വീണ്ടും കാണുന്നു അതേ കണ്ണുകള്‍
മീന്‍ മുറിക്കാന്‍ തുടങ്ങവേ
അമ്മയുടെ ചാരെ.
ഉറങ്ങുന്ന അച്ഛന്റെ കാല്‍ക്കല്‍
വരാന്തയില്‍
കസേരയില്‍
കിണറ്റുകരയില്‍

ഇവിടം വിട്ട്
എങ്ങോട്ട് പോകാന്‍
എന്ന
ഉറച്ച അതിന്റെ
കാല്‍പ്പെരുമാറ്റങ്ങള്‍

കാലങ്ങളെ
പെറ്റുകിടക്കുന്നു
നാടുകടത്ത്പ്പെട്ടിട്ടും
വിട്ടുപോവാത്ത
കുടിപ്പാര്‍പ്പ്

4 comments:

ദേവസേന said...

ഇവിടം വിട്ട്
എങ്ങോട്ട് പോകാന്‍
എന്ന
ഉറച്ച അതിന്റെ
കാല്‍പ്പെരുമാറ്റങ്ങള്‍

കാലങ്ങളെ
പെറ്റുകിടക്കുന്നു
നാടുകടത്ത്പ്പെട്ടിട്ടും
വിട്ടുപോവാത്ത
കുടിപ്പാര്‍പ്പ് "

നാടുകടത്തലിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍.
ഏതൊക്കെയോ കാലങ്ങള്‍ വന്നു മുന്നില്‍ നില്‍ക്കുന്നു.
ആശംസകള്‍.

[ nardnahc hsemus ] said...

സുധീഷെ,
കവിത നന്നായി.
അതിലേറെ, വരകളും.

ബയാന്‍ said...

“ഒരു മൂളലോ മുരടനക്കമോഇല്ലാതെആ നാടുകടത്തല്‍ പൂച്ച ക്ഷമിച്ചിരിക്കുംഏറെ നാള്‍ കൂടെക്കിടന്ന ചൂട്വീടും മറന്നിരിക്കും“

സുധീഷെ; പൂച്ച ക്ഷമിച്ചെന്നിരിക്കും, പക്ഷെ... ഈ ഞാന്‍.

ഈ വേര്‍ഡ് വെരി എനിക്ക് മാത്രമായി വെച്ചതാണോ..?

aneeshans said...

ചില ബന്ധങ്ങളെ കുറിച്ച് ഓര്ക്കുമ്പോള്‍ എന്ത് വ്യത്യാസം പൂച്ചയുമം ​നമ്മളും തമ്മില്‍