Sunday 9 May 2010

കൈതേരി കല്ലു

മകരം മുതല്‍ ഇടവം വരെ

കല്ലുവിനു പ്രാന്താണ്.

എല്ലാ കൊല്ലവും കൈതേരി മാടത്തിലെ തിറയടുക്കുമ്പോള്‍

അവര്‍ അകത്തമ്മപ്പട്ടം ഉപേക്ഷിച്ച് തെരുവിലിറങ്ങും.

ആക്രികള്‍ പെറുക്കി മുറുക്കിത്തുപ്പി

ഒരു ഉപദ്രവവും ചെയ്യാത്ത ആളുകളുകളുടെ

അപ്പനു വിളിച്ച്

ആരാന്റെ പറമ്പിലെ ഇല്ലാത്ത മാങ്ങക്ക് കല്ലെറിഞ്ഞ്

കൂകിയാര്‍ത്തു കോമരം തുള്ളി

ദേശത്തെ കീഴ്മേല്‍ മറിച്ചിടും കല്ലു.


നട്ടുച്ചവെയിലില്‍ ഇറങ്ങി നിന്നു

സൂര്യനെ തുണിപൊക്കി കാണിക്കും.

ശേട്ടുക്കണാരേട്ടന്റെ ചായപ്പീടികയില്‍ കേറി

അനുസരണയോടെ ഇഷ്ടു* കുടിക്കും.

അപരഭാഷയില്‍ പാട്ടു പാടും.

ഛില്‍ ഛില്‍ ഛില്ലെന്നു കൊലുസിളക്കി കൊഞ്ഞനം കുത്തും.


പ്രാന്തില്ലാത്ത മാസങ്ങളിലെ കല്ലുവിനെ ആരുമറിയില്ല

കണ്ടാല്‍ തിരിച്ചറിയാത്തവിധം

മുണ്ടും നേര്യതുമിട്ട് ചന്ദനക്കുറിയായി നില്‍ക്കും

ശ്രീപാര്‍വതിയെപ്പോല്‍

മകരത്തില്‍ കുലംകുത്തിയൊഴുകിയ പുഴ

ഞാനേ അല്ല എന്ന മട്ടില്‍

പ്രാന്തുള്ളപ്പോഴുള്ള കല്ലുവിനെ പ്രാന്തില്ലാത്ത കല്ലുവും അറിയില്ല.


ഇപ്പോഴും കലിയിളകിപ്പോകുന്ന പെണ്‍കുട്ടികളെ

അമ്മമാര്‍ കല്ലുവിനോടു ഉപമിക്കും.

കരയുന്ന കുഞ്ഞുങ്ങളെ കല്ലുവിനു കൊടുക്കും എന്നു പേടിപ്പിക്കും

അവരറിയില്ലല്ലോ

ഇരട്ടജന്മത്തിന്റെ ആനുകൂല്യത്തില്‍ കല്ലു

ജീവിതത്തെ ആവിഷ്ക്കരിക്കുകയാണെന്ന്.

....................................................................................

*ഇഷ്ടു = മരച്ചീനി (കപ്പ) കൊണ്ടുള്ള ഒരു വിഭവം. കുറച്ചു വര്‍ഷം മുന്‍പു വരെ നാട്ടിലെ മിക്ക ചായക്കടകളിലും കിട്ടുമായിരുന്നു.

കുറിപ്പ്

1)എല്ലാവരാലും അവഗണിക്കപ്പെട്ട കോട്ടേമ്പ്രത്തെ പ്രാന്തത്തി കല്ലുവേടത്തിയുടെ ഓര്‍മ്മ.

2) വിഷ്ണുപ്രസാദിന്റെ കുളം+പ്രാന്തത്തി എന്ന കവിതയുടെ അപാരമായ മുഴക്കത്തോടുള്ള അസൂയ

3) കണ്ടിട്ടില്ല കണ്ണട വെച്ചു നീ വായിക്കുന്നതു / എങ്കിലും കണ്ണട വെച്ച നീ ഇല്ലാതിരിക്കുമോ എന്ന കുഴൂര്‍ വിത്സന്റെ വരികള്‍ ഓര്‍മിക്കുന്നു.